സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ്ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂണ്‍ ഏഴിലേക്ക് മാറ്റി. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം തുടര്‍ച്ചയായ ഒമ്പത് മണിക്കൂറാണ് പോലീസ് സംഘം വിജയ്ബാബുവിനെ ചോദ്യംചെയ്തത്. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു വിജയ്ബാബുവിന്റെ മൊഴി. പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തെളിവായി നടിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍, മെസേജുകള്‍ എന്നിവ കാണിച്ചു. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് പരാതിയുമായി രംഗത്തെത്തിയതെന്നും വിജയ് ബാബു അന്വേഷണ സംഘത്തോടു പറഞ്ഞു.
ഹൈക്കോടതി അറസ്റ്റ് വിലക്കിയതോടെയാണ് വിജയ് ബാബു ബുധനാഴ്ച മടങ്ങിയെത്തിയത്. 39 ദിവസമായി വിദേശത്തായിരുന്നു വിജയ് ബാബു. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ 8.58-ന് കൊച്ചിയില്‍ വന്നിറങ്ങി. വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു നടപടി. വിമാനത്താവളത്തില്‍നിന്ന് ഭാര്യയ്ക്കും സഹോദരനും ഒപ്പം ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് വിജയ്ബാബു പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല