സ്വന്തം ലേഖകൻ: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം. ബിസിനസ് ടൂറിലാണെന്നും മേയ് 24നെ തിരിച്ചെത്തുകയുള്ളുവെന്നുമാണ് വിജയ് ബാബു പാസ്പോര്‍ട്ട് ഓഫിസറെ അറിയിച്ചിരിക്കുന്നത്. എന്നാൽ ചൊവ്വാഴ്ചയും വിജയ് ബാബു ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു.
ആവശ്യമെങ്കില്‍ പൊലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുന്നതും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തിലാണ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് ഉദ്ദേശിക്കുന്നത്. ജോർജിയയിൽ എവിടെയാണ് വിജയ് ബാബു എന്നു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ജോർജിയയിലെ ഇന്ത്യൻ എംബസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്പോസ്റ്റുകൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. വിജയ് ബാബുവിന്‍റെ പാസ്പോർട്ട് റദ്ദാക്കിയെന്നും വീണ്ടും യാത്രയ്ക്കായി എത്തിയാൽ അറിയിക്കണമെന്നുമാണ് നിർദേശം. ജോർജിയയിൽ നിന്ന് മറ്റെവിടേക്കെങ്കിലും കടക്കുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പൊലീസിന്‍റെ നീക്കം.
നേരിട്ടു ഹാജരാകാൻ 19 വരെയാണു വിജയ്ബാബു കൊച്ചി സിറ്റി പൊലീസിനോടു സാവകാശം ചോദിച്ചിരുന്നത്. അതുവരെ ബിസിനസ് ടൂറിലാണെന്നാണു വിജയ്ബാബു അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 18ൽ നിന്ന് 23ലേക്കു മാറ്റിയതിനു പിന്നാലെയാണ് വിജയ് ബാബു ‘ടൂർ’ തുടർന്നത്. ദുബായിൽനിന്നാണ് വിജയ് ബാബു ജോർജിയയിലേക്കു കടന്നത്. പാസ്പോർട്ട് റദ്ദാക്കപ്പെടും എന്ന വിവരം ലഭിച്ചതിനു പിന്നാലെയായിരുന്നു നീക്കം.
അതേസമയം വിമാനടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് വിജയ്ബാബുവിനോട് ഹൈക്കോടതി. വിദേശത്തുനിന്ന് മടങ്ങിയെത്തണമെന്നും ഹൈക്കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു. അതേസമയം, വിജയ്ബാബു അന്വേഷണത്തില്‍നിന്ന് ഒളിച്ചോടിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല