സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് വിദേശത്ത് ഒളിവിൽ കഴിയുന്ന നിർമാതാവ് വിജയ് ബാബു മേയ് 30ന് കേരളത്തിൽ തിരിച്ചെത്തും. കൊച്ചിയിലേക്കുള്ള മടക്കയാത്ര ടിക്കറ്റ് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ വിമാന ടിക്കറ്റ് ഹാജരാക്കാൻ ജസ്റ്റിസ് പി. ഗോപിനാഥ് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു.
അതിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്. വിജയ് ബാബു 30ന് കൊച്ചിയിലെത്തുമെന്നും അതിനാൽ ബുധനാഴ്ച തന്നെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. ജോർജിയയിലായിരുന്ന വിജയ് ബാബു തിങ്കളാഴ്ച ദുബായിൽ തിരിച്ചെത്തിയിരുന്നു.
മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. വിജയ്ബാബു ചൊവ്വാഴ്ച മടങ്ങിയെത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച് നാഗരാജു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് കോടതിയിൽ ഹാജരാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല