1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2022

സ്വന്തം ലേഖകൻ: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നായിക നടിവിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം. പിന്നാലെ ഫെയ്സ്ബുക് ലൈവിലൂടെ കാര്യങ്ങൾ വിശദീകരിച്ച വിജയ് ബാബു, പരാതിയിൽ ഇര താനാണെന്നും നടിയല്ലെന്നും പറഞ്ഞു. നടിയുടെ പേരും വെളിപ്പെടുത്തി. വരാൻ പോവുന്ന കേസ് താനനുഭവിച്ചോളാമെന്നും പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു.

ഇവിടെ താനാണ് ശരിക്കും ഇരയെന്ന് വിജയ് ബാബു പറഞ്ഞു. രാത്രി വൈകി ഫെയ്സ്ബുക് ലൈവിലാണ് നടന്റെ പ്രതികരണം. പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിക്കുകയാണെന്ന ആമുഖത്തോടെയാണ് വിജയ് ബാബു ലൈവിൽ പ്രതികരിച്ചത്. ഈ പരാതിയെ തുടർന്ന് തന്റെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണെന്നും താരം പറഞ്ഞു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും സംഭവത്തിൽ കൗണ്ടർ കേസും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നും മീടു പരാതികളിൽ ഈ കേസ് ഒരു തുടക്കമാകുമെന്നും വിജയ് ബാബു വ്യക്തമാക്കി. പരാതിക്കാരിയായ പെൺകുട്ടിയെ 2018 മുതൽ അറിയാം. അഞ്ച് വർഷത്തെ പരിചയത്തിൽ പെൺകുട്ടിയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. കൃത്യമായ ഓഡിഷനിലൂടെയാണ് പെൺകുട്ടി തന്റെ സിനിമയിൽ എത്തി അഭിനയിച്ചത്.

മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കയ്യിലുണ്ട്. ഡിപ്രഷനാണെന്ന് പറഞ്ഞ് പരാതിക്കാരി ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. പരാതിക്കാരി തനിക്കയച്ചിരിക്കുന്ന സന്ദേശങ്ങൾ അവരുടെ കുടുംബത്തിന്റെ സങ്കടം കരുതി പുറത്തുവിടുന്നില്ല. അതിന് ശേഷം നടന്ന സംഭവങ്ങളും പറയുന്നില്ലെന്നും വിജയ് ബാബു വ്യക്തമാക്കി.

സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽ വച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് മൂന്നു ദിവസം മുൻപ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയത്. കേസിന്റെ വിശദ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്കു കടക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം വിജയ് ബാബുവിനെതിരേ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വിശദീകരണവുമായി ഇര. ചലച്ചിത്രമേഖലയില്‍ വിജയ് ബാബുവിനുള്ള സ്വാധീനം ഉപയോഗിച്ച് തന്നെ നിയന്ത്രിച്ചുവെന്നും ലൈംഗിക ബന്ധത്തിന് ഒരു ദിവസം സമ്മതിക്കാതിരുന്നപ്പോള്‍ ബലമായി ചവിട്ടുകയും മുഖത്ത് കഫം തുപ്പുകയും ചെയ്തുവെന്ന് ഇവര്‍ ആരോപിക്കുന്നു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇവര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. വിജയ് ബാബു നിര്‍മിച്ച ഒരു ചിത്രത്തിലെ അഭിനേത്രിയാണ് ഈ യുവതി.

കുറിപ്പിന്റെ പൂര്‍ണരൂപം:

ചലച്ചിത്രമേഖലയില്‍ അയാള്‍ക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാന്‍ ആര്‍ത്തവത്തിലായിരുന്നപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്‌സിനായി നിര്‍ബന്ധിക്കുകയും ചെയ്തു.

എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഇന്ന് ഞാന്‍ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാള്‍ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാന്‍ പേടിച്ച് , ഭയത്തോടെ ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. എന്റെ ഒരു നഗ്‌നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവന്‍ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാന്‍ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാന്‍ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഞാന്‍ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തില്‍, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാന്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

N.B: സോഷ്യല്‍ മീഡിയയില്‍ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കില്‍ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയവര്‍ക്കെതിരെ ഞാന്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.