![](https://www.nrimalayalee.com/wp-content/uploads/2022/04/Me-Too-Vijay-Babu-New-Allegation-.jpg)
സ്വന്തം ലേഖകൻ: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ജോർജിയയിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്തിടത്തും റെഡ് കോര്‍ണര്‍ നോട്ടിസ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ദുബായിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു, കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് റദ്ദാക്കിയതിനു പിന്നാലെ ജോർജിയയ്ക്കു കടക്കുകയായിരുന്നു. പാസ്പോർട്ട് റദ്ദാക്കപ്പെടും എന്ന വിവരം ലഭിച്ച വിജയ് ബാബു രണ്ടു ദിവസം മുൻപുതന്നെ ജോർജിയയിലേക്കു കടന്നതായി ദുബായിൽനിന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.
എന്നാൽ, പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോർജിയ എന്ന രാജ്യത്തേക്കാണോ യുഎസിലെ സംസ്ഥാനമായ ജോർജിയയിലേക്കാണോ പോയതെന്നു വ്യക്തമല്ലായിരുന്നു. യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോർജിയയിൽ വിജയ് ബാബുവിന്റെ ബന്ധു താമസിക്കുന്നുണ്ട്. യുഎസ് വീസയും വിജയ് ബാബുവിന്റെ കൈവശമുണ്ട്.
അതിനാൽ ഏതു ജോർജിയയിലേക്കാണ് പോയതെന്നതിൽ പൊലീസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടിൽ എത്തിക്കാനാണു പൊലീസിന്റെ നീക്കം. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരുന്നത് വരെ നാട്ടിലേക്ക് മടങ്ങിയെത്തേണ്ട എന്ന തീരുമാനത്തിലാണ് വിജയ് ബാബു. ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കവും പ്രതിഭാഗം അഭിഭാഷകർ നടത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല