സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍, തനിക്കെതിരായ മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചു. ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇത് തെളിയിക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും മല്യ പറഞ്ഞു. കോടതിയില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വെസ്റ്റ് മിനിസ്റ്റര്‍ കോടതിയിലാണ് മല്യ ഹാജരായത്.
വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ ഡിസംബര്‍ നാല് വരെ മല്യക്ക് ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിച്ചു. കേസ് ജൂലൈ ആറിന് വീണ്ടും പരിഗണിക്കും. നേരത്തെ കേസില്‍ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കുറുകള്‍ക്കകം വെസ്റ്റ് മിനിസ്റ്റര്‍ കോടതി മല്യക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ഈ കേസാണ് കോടതി വീണ്ടും പരിഗണിച്ചത്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി വായ്പയെടുത്താണ് മല്യ മുങ്ങിയത്. മല്യയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോഷ്യമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരം കാണാന്‍ മല്യയെത്തിയതും വന്‍ വിവാദമായിരുന്നു.
മത്സരം കാണാന്‍ ഓവല്‍ സ്റ്റേഡിയത്തിലെത്തിയ മല്യയെ ഇന്ത്യന്‍ ആരാധകര്‍ കള്ളന്‍ എന്നു വിളിച്ച് അവഹേളിച്ചതും വാര്‍ത്തയായി. ജില്ലാ ജഡ്ജി മല്യയെ പുറത്താക്കാന്‍ വിധിച്ചാല്‍, രണ്ടു മാസത്തിനു ശേഷം മല്യയെ പുറത്താക്കുന്നതിനുള്ള ഉത്തരവ് യുകെ ആഭ്യന്തരസെക്രട്ടറി പുറപ്പെടുക്കും. നിരവധി അപ്പീലുകള്‍ക്കും വാദങ്ങള്‍ക്കും ശേഷമാകും കേസില്‍ അന്തിമ തീരുമാനം ഉണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല