സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 9000 കോടി രൂപയാണ് മല്യ ബാങ്കുകള്‍ക്ക് തിരിച്ചു നല്‍കാനുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.
ഐഡിബിഐ ബാങ്കില്‍ നിന്നും എടുത്ത തുക തിരിച്ചടയ്ക്കാത്ത കേസില്‍ 1411 കോടി വില വരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കഴിഞ്ഞ ദിവസം കണ്ടു കെട്ടിയിരുന്നു. മല്യയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്ന് കള്ളപ്പണക്കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടിലുള്ള 34 കോടി, ബംഗലുരുവിലെയും മുംബൈയിലെയും ഫ്‌ളാറ്റുകള്‍, ചെന്നൈയിലുള്ള വ്യാവസായിക ആവശ്യത്തിനുള്ള ഭുമി, കൂര്‍ഗിലെ കാപ്പിത്തോട്ടം, ബംഗലുരുവിലെ യുബിസിറ്റി, കിംഗ് ഫിഷര്‍ ടവര്‍ എന്നിവ കണ്ടുകെട്ടി.
നിലവില്‍ ലണ്ടനില്‍ താമസമാക്കിയിട്ടുള്ള മല്യ കഴിഞ്ഞ മാര്‍ച്ച് 2 നാണ് രാജ്യം വിട്ടത്. രാജ്യസഭാംഗം എന്ന നിലയിലുള്ള തന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു മല്യ മുങ്ങിയത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി എടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് മല്യയുടെ പേരില്‍ സിബിഐ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല