സ്വന്തം ലേഖകന്‍: വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ വഴി തെളിയുന്നു, മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം. വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷ ബ്രിട്ടിഷ് സര്‍ക്കാര്‍ തുടര്‍നടപടിക്കായി വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് അയച്ചു. മല്യയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കുന്നതിനാണ് ഇന്ത്യയുടെ അപേക്ഷ ബ്രിട്ടിഷ് സ്റ്റേറ്റ് സെക്രട്ടറി ജില്ലാ കോടതിക്ക് അയച്ചത്.
വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി മല്യക്കെതിരേ വാറന്റ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മല്യ ഇന്ത്യവിട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ മല്യയെ നാട്ടിലേക്കു തിരിച്ചയയ്ക്കണമെന്നു ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പതിനഞ്ചോളം പേരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുമ്പു നല്‍കിയിരുന്ന അപേക്ഷകള്‍ ഇപ്പോഴും ബ്രിട്ടന് അംഗീകരിച്ചിട്ടില്ല.
വിവിധ ബാങ്കുകളില്‍നിന്നു 9000 കോടി രൂപ വായ്പയെടുത്ത ശേഷം തിര്ച്ചടക്കാതെ മുങ്ങിയ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 720 കോടിയുടെ ഐഡിബിഐ ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ മല്യക്കെതിരേ സിബിഐ കോടതി ജനുവരിയില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്. വായ്പാ കുടിശിക പിരിച്ചെടുക്കാന്‍ ബാങ്കുകള്‍ നിയമനടപടി ആരംഭിച്ചതോടെ 2016 മാര്‍ച്ചിലാണ് മല്യ ബ്രിട്ടനിലേക്കു മുങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല