സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും ശതകോടികളുടെ തട്ടിപ്പ് നടത്തി ബ്രിട്ടണില്‍ കഴിയുന്ന വിജയ് മല്യയെയും നീരവ് മോദിയെയും യുകെ ഇന്ത്യക്ക് കൈമാറുമെന്ന് സൂചന. നീതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒളിച്ചിരിക്കാവുന്ന സ്ഥലമായി മാറാന്‍ യുണൈറ്റഡ് കിങ്ഡത്തിന് ഉദ്ദേശ്യമില്ലെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം തുഗെന്ധത് പറഞ്ഞു. മല്യയുടെയും നീരവ് മോദിയുടെയും പേരുകള്‍ പറയാതെയായിരുന്നു മന്ത്രി ടോം തുഗെന്ധതിന്റെ പരാമര്‍ശം.
വിജയ് മല്യയെയും നീരവ് മോദിയെയും കൈമാറണമെന്ന് ബ്രിട്ടനോട് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു. യുകെയ്ക്കും ഇന്ത്യക്കും നിയമപരമായ നടപടിക്രമങ്ങളുണ്ട്. അതിലൂടെ കടന്നുപോകേണ്ടതുണ്ട്. യുകെ സര്‍ക്കാരിന്റെ നിലപാട് തികച്ചും വ്യക്തമാണ്. നീതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒളിക്കാന്‍ കഴിയുന്ന സ്ഥലമായി യുകെയെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ തുഗെന്ധത് പറഞ്ഞു. യുകെയില്‍ താമസിക്കുന്ന മല്യയും നീരവ് മോദിയും ഉള്‍പ്പെടെയുള്ള നിരവധി സാമ്പത്തിക കുറ്റവാളികളെ കൈമാറണമെന്ന ഇന്ത്യയുടെ നിരന്തരമായ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബ്രിട്ടീഷ് സുരക്ഷാ മന്ത്രി.
കൊല്‍ക്കത്തയില്‍ 10 മുതല്‍ 12 വരെ നടന്ന ജി20യുടെ ഭാഗമായുള്ള അഴിമതി വിരുദ്ധ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാനാണ് യുകെ സുരക്ഷാമന്ത്രി ഇന്ത്യയിലെത്തിയത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായും ടോം തുഗെന്ധത് ചര്‍ച്ച നടത്തി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി (എഐ) ബന്ധപ്പെട്ട പുതിയ സാങ്കേതികവിദ്യകളില്‍ ഇന്ത്യയും യുകെയും സഹകരിക്കുമെന്നും തുഗെന്ധത് വ്യക്തമാക്കി. ഇന്ത്യ, ഇന്ത്യന്‍ എഐയുടെ കേന്ദ്രം മാത്രമല്ല, ബ്രിട്ടീഷ് എഐയുടെ കേന്ദ്രം കൂടിയാണെന്നും തുഗെന്ധത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല