സ്വന്തം ലേഖകന്‍: ലോണ്‍ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ രീതിയില്‍ തിരിച്ചടക്കാമെന്ന് ബാങ്കുകളോട് വിജയ് മല്യ. ബാങ്കുകളിലെ 9000 കോടി രൂപയുടെ വായ്പ കുടിശിക ഒറ്റത്തവണ അടവിലൂടെ തീര്‍പ്പാക്കാന്‍ ഒരുക്കമാണെന്ന് ട്വീറ്ററിലൂടെയാണ് ഇപ്പോള്‍ ലണ്ടനിലുള്ള വിവാദ മദ്യ വ്യവസായി വാഗ്ദാനം നല്‍കിയിരിക്കുന്നത്.
കോടികളുടെ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട മല്യ ഒറ്റത്തവണ തീര്‍പ്പാക്കല്‍ നയങ്ങള്‍ തനിക്കും അവകാശപ്പെട്ടതാണെന്നും അത് നിഷേധിക്കാനാവില്ലെന്നും ട്വീറ്ററില്‍ കുറിച്ചു. സുപ്രീം കോടതി മുഖേന നല്‍കിയ വാഗ്ദാനം ബാങ്കുകള്‍ പരിഗണിക്കാതെ തള്ളിക്കളഞ്ഞതിന് എതിരേ ആഞ്ഞടിച്ച മല്യ ന്യായമായ ഒത്തുതീര്‍പ്പിന് ഇപ്പോഴും തയാറാണെന്നും ട്വീറ്റില്‍ പറയുന്നു.
മല്യയുടെ ട്വീറ്റ്, ‘പൊതുമേഖലാ ബാങ്കുകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ക്കായി വിവിധ നയങ്ങളുണ്ട്. ഇത്തരത്തില്‍ പണമടച്ചുതീര്‍ത്ത നൂറുകണക്കിന് ഉപഭോക്താക്കളുണ്ട്. ഈ ആനുകൂല്യം ഞങ്ങള്‍ക്കു മാത്രം നിരസിക്കുന്നതെന്താണ്? ഇതുമായി ബന്ധപ്പെട്ടു ബഹുമാനപ്പെട്ട സുപ്രീം കോടതിക്കുമുന്നില്‍ ഞങ്ങള്‍വച്ച നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ പരിഗണിക്കുക പോലും ചെയ്യാതെ തള്ളിക്കളഞ്ഞു. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പണം തിരിച്ചടയ്ക്കാന്‍ ഞാന്‍ തയാറാണ്.’
അതേസമയം, സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ സത്യസന്ധമാണോ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിജയ് മല്യയോട് ആരാഞ്ഞിരുന്നു. മല്യയ്‌ക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസുമാരായ എ.കെ. ഗോയലും യു.യു. ലളിതും ഉള്‍പ്പെട്ട ബെഞ്ചാണു സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയതിലെ സത്യസന്ധതയെക്കുറിച്ചു സംശയം പ്രകടിപ്പിച്ചത്. നാലു കോടി ഡോളര്‍ മക്കളുടെ പേരിലേക്കു മാറ്റിയതു കര്‍ണാടക ഹൈക്കോടതി വിധിക്കെതിരാണെന്നു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വായ്പ തിരിച്ചടവുകേസില്‍ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതോടെ ബ്രിട്ടനിലേക്കു കടന്ന മല്യ ഇപ്പോള്‍ അവിടെയാണുള്ളത്. മല്യയെ രാജ്യത്തേക്കു തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ അടുത്തിടെ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഐഡിബിഐ ബാങ്കില്‍നിന്ന് 900 കോടി രൂപ അടക്കം വിവിധ ബാങ്കുകളില്‍നിന്നെടുത്ത 7000 കോടി രൂപ വായ്പയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. പലിശയടക്കം ഇപ്പോള്‍ 9000 കോടി രൂപയുടെ ബാധ്യതയാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല