സ്വന്തം ലേഖകൻ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും വിജയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വരുന്ന ഏപ്രിലില്‍ സമ്മേളനം നടത്തും.
കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു.
“എന്നെ സംബന്ധിച്ച് രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങൾ മാത്രമല്ല, രാഷ്ട്രീയത്തിൻ്റെ നീളവും പരപ്പും എൻ്റെ മുൻഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനായി ഞാൻ മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എൻ്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിൽ മുഴുകും,” വിജയ് പ്രസ്താവനയിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല