സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ വിശ്വസ്തന്‍ വിജയ് രൂപാണിയ്ക്ക് രണ്ടാമൂഴം, സത്യപ്രതിജ്ഞ തിങ്കളാഴ്ച. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗം രൂപാണിയെ നേതാവായി തിരഞ്ഞെടുത്തു. നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായി തുടരും.ഫലപ്രഖ്യാപനത്തിനുശേഷം തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിശ്വസ്തനായ രൂപാണിയുടെ രണ്ടാമൂഴം.
രൂപാണിയുടെയും പട്ടേലിന്റെയും തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠ്യേനയായിരുന്നുവെന്ന് ജെയ്റ്റ്‌ലി അറിയിച്ചു. ഭൂപേന്ദ്ര സിങ് ചുദാസാമയാണ് ഇരുവരുടെയും പേര് നിര്‍ദേശിച്ചത്. അഞ്ച് എം.എല്‍.എമാര്‍ പിന്താങ്ങി. മറ്റാരുടെയും പേര് നിര്‍ദേശിക്കപ്പെടാത്തതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അഭ്യൂഹമുണ്ടായിരുന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
എ.ബി. വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25നായിരിക്കും സത്യപ്രതിജ്ഞയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. തുടര്‍ച്ചയായി ആറാം തവണയും അധികാരത്തിലെത്തിയ ബി.ജെ.പിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായിരുന്നു. ഭൂരിപക്ഷം കുറഞ്ഞതിനെ തുടര്‍ന്ന് രൂപാണിയെ മാറ്റണമെന്ന് അഭിപ്രായമുയര്‍ന്നു. 182 അംഗ സഭയില്‍ ബി.ജെ.പിക്ക് 99 എം.എല്‍.എമാരുണ്ട്. സ്വതന്ത്ര എം.എല്‍.എ രത്‌നസിങ് റാത്തോഡ് പിന്തുണ പ്രഖ്യാപിച്ചതോടെ പാര്‍ട്ടി 100 തികച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല