സ്വന്തം ലേഖകന്‍:കബാലി, ഭൈരവ, സിങ്കം 3, അടുത്തകാലത്ത് ഇറങ്ങിയ മിക്ക തമിഴ് ചിത്രങ്ങളും പരാജയം, കള്ളക്കണക്കുകളുടെ കളി വെളിപ്പെടുത്തി പ്രമുഖ വിതരണക്കാരന്‍ രംഗത്ത്. കഴിഞ്ഞ എട്ട് മാസങ്ങളിലായി പുറത്തിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ എല്ലാം പരാജയമായിരുന്നുവെന്ന് ആരോപിക്കുന്നത് തമിഴ്‌നാട്ടിലെ പ്രശസ്ത വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യമാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കള്ളം പറയുകയാണെന്നും ഈ ചിത്രങ്ങള്‍ വിതരണക്കാര്‍ക്ക് 25 മുതല്‍ 50 ശതമാനം വരെ നഷ്ടമാണ് ഉണ്ടാക്കിയതെന്നും സുബ്രഹ്മണ്യം പറയുന്നു.
‘നിര്‍മാതാക്കള്‍ ഒരിക്കലും സത്യം പറയില്ല. അവര്‍ 50, 100, 200 ദിവസങ്ങള്‍ ഓടി എന്നു പറഞ്ഞ് പോസ്റ്ററടിക്കും. ജനങ്ങളെ പറ്റിക്കും. കബാലി, തൊടാരി, കൊടി, കാഷ്‌മോര, ബോഗന്‍, ഭൈരവ, സിങ്കം 3 എന്നീ ചിത്രങ്ങള്‍ നഷ്ടമായിരുന്നു. നിര്‍മാതാക്കളും സംവിധായകരും നുണ പറയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പരാജയമാണെന്ന് പറഞ്ഞാല്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഇവര്‍ക്ക് വീണ്ടും ഡേറ്റ് കൊടുക്കില്ല. ചെന്നൈയില്‍ ജീവിക്കുന്ന വിജയിന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എല്ലായിടത്തും സ്വന്തം സിനിമയുടെ പോസ്റ്ററുകള്‍ കാണണം. അതുകൊണ്ട് വെറുതെ കള്ളക്കണക്കുകള്‍ കാണിച്ച് വഴി നീളെ പോസ്റ്റര്‍ വയ്ക്കും. ഭൈരവയുടെ ‘വിജയം’ അങ്ങിനെയായിരുന്നു.
കബാലി പരാജയമായിരുന്നെന്ന് രജനികാന്ത് അറിഞ്ഞാല്‍ ഒരിക്കലും പാ രഞ്ജിത്തിന് വീണ്ടും ഡേറ്റ് കൊടുക്കില്ല. അതുകൊണ്ടാണ് അവര്‍ പരാജയം സമ്മതിക്കാത്തത്. രജനി സ്വര്‍ണക്കൂട്ടിലെ തത്തയാണ്. സ്വന്തം സിനിമ പരാജയമാണോ വിജയമാണോ എന്നുപോലും അദ്ദേഹത്തിന് അറിയില്ല. പണ്ട് രജനി ഞങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. എന്നാല്‍ രണ്ട് കൊല്ലമായി അദ്ദേഹം ഞങ്ങളെ അവഗണിക്കുകയാണ്,’ സുബ്രഹ്മണ്യം പറയുന്നു.
തമിഴില്‍ ഈ അടുത്തിടെ ഇറങ്ങിയ സൂപ്പര്‍ഹിറ്റുകളെന്ന് അവകാശപ്പെടുന്ന പല സിനിമകളും നഷ്ടമായിരുന്നെന്ന് കഴിഞ്ഞ ദിവസം വിതരണക്കാര്‍ വെളിപ്പെടുത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സുബ്രമണ്യം രംഗത്തെത്തിയത്. ശിവകാര്‍ത്തികേയന്റെ റെമോ എന്ന ചിത്രം ചെങ്കല്‍പാട്ടും ചെന്നൈയിലും മാത്രമാണ് ലാഭം ഉണ്ടാക്കിയതെന്നും വളരെയധികം നഷ്ടമുണ്ടാക്കിയ ഭൈരവയുടെയും സിങ്കം 3യുടെയും നിര്‍മാതാക്കള്‍ വ്യാജ വിജയാഘോഷം നടത്തുകയാണെന്നും സുബ്രഹ്മണ്യന്‍ പറയുന്നു. സംഭവത്തില്‍ വാസ്തവമുണ്ടെന്ന് ശ്രീധര്‍ പിള്ളയും വ്യക്താക്കുന്നു.
സൂപ്പര്‍താരങ്ങളുടെ താരമൂല്യം സംരക്ഷിക്കാനാണ് കള്ളക്കണക്കുകള്‍ പടച്ചുവിടുന്നതെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇവര്‍ അവകാശപ്പെടുന്നു. സംഭവം വിവാദമായതോടെ വിജയുടേയും സൂര്യയുടേയും സിനിമകളുടെ റിലീസ് തടയാന്‍ ഇവര്‍ തീരുമാനമെടുത്തിരിക്കുന്നത്. അല്ലെങ്കില്‍ മിനിമം ഗ്യാരണ്ടി പണമായി നല്‍കണമെന്നും വിതരണക്കാര്‍ ആവശ്യപ്പെടുന്നു. ആരോപണങ്ങളോട് താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല