സ്വന്തം ലേഖകൻ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയർപ്പിച്ച് ജനസഹസ്രങ്ങൾ. മരണവാർത്തയറിഞ്ഞ് പാർട്ടി പ്രവർത്തകരും ആരാധകരും വീട്ടിലും ഡി.എം.ഡി.കെ. ആസ്ഥാനത്തുമെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യനും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും മക്കളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
തുടർന്ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്തേക്ക് വിലാപയാത്ര തുടങ്ങി. ഭാര്യ പ്രേമലതയും മക്കളായ വിജയ പ്രഭാകരനും ഷൺമുഖ പാണ്ഡ്യനും വാഹനത്തെ അനുഗമിച്ചു. വിജയകാന്തിനെ അവസാനനോക്കു കാണാൻ വഴിനീളെ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. പൂക്കൾ വിതറിയും കണ്ണീർ വാർത്തും അവർ ആദരാഞ്ജലിയർപ്പിച്ചു. ജനത്തിരക്കു നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹമേർപ്പെടുത്തിയിരുന്നു. ഡി.എം.ഡി.കെ. ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിനുവെച്ചു.
രാഷ്ട്രീയനേതാക്കളും സിനിമാ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളും കണ്ണീരോടെ വിജയകാന്തിനു വിടചൊല്ലി. മന്ത്രി ഉദയനിധി സ്റ്റാലിൻ, അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, പുതുച്ചേരി ലെഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ, വി.കെ. ശശികല, ദ്രാവിഡ കഴകം പ്രസിഡന്റ് കെ. വീരമണി, സംഗീതസംവിധായകൻ ഇളയരാജ, നടൻമാരായ ഗൗണ്ടമണി, മൻസൂർ അലിഖാൻ, പ്രഭു, സൂരി, ആനന്ദ് രാജ്, സംവിധായകരായ ടി. രാജേന്ദർ, വിക്രമൻ, എ.ആർ. മുരുഗദാസ്, കവി വൈരമുത്തു തുടങ്ങി ഒട്ടേറെപ്പേർ ആദരാഞ്ജലിയർപ്പിക്കാനെത്തി.
ദുഃഖസൂചകമായി 15 ദിവസത്തേക്ക് ഡി.എം.ഡി.കെ. പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടും. ചെന്നൈയിലെ തിയേറ്ററുകളിൽ രാവിലെയുള്ള പ്രദർശനവും മാറ്റിവെച്ചു. വെള്ളിയാഴ്ച സിനിമാ ചിത്രീകരണങ്ങൾ നടത്തില്ലെന്ന് സംഘടനകൾ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല