സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങിനെ തോല്‍പ്പിക്കാന്‍ ഹംഗേറിയന്‍ ബോക്‌സര്‍ ചെയ്യുന്ന പണി കേട്ടാല്‍ ആരും ഒന്നു ഞെട്ടും. മാര്‍ച്ച് 12 ന് ലിവര്‍പൂള്‍ എക്കോ അരീനയില്‍ നടക്കുന്ന മത്സരത്തിലെ സിങിന്റെ എതിരാളി ഹംഗേറിയന്‍ ബോക്‌സര്‍ അലക്‌സാണ്ടര്‍ ഹോര്‍വാത്താണ് തന്റെ ഭക്ഷണത്തില്‍ പാമ്പിന്‍ ചോര ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാമ്പിന്റെ ചുടുചോര തനിക്ക് അത്ഭുത ശക്തിയും കരുത്തും പകരുമെന്നാണ് ഹംഗേറിയന്‍ താരത്തിന്റെ വാദം. 20 കാരനായ അലക്‌സാണ്ടര്‍, വിജേന്ദറിനെ നേരിടുന്നതിനുള്ള കഠിന പരിശീലനത്തിലാണ്. പാമ്പിന്റെ ചുടുചോര കുടിക്കുന്നതിന് തന്റെ കുടുംബത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിനും പ്രൗഢിയുമായി ബന്ധമുണ്ടെന്ന് അലക്‌സാണ്ടര്‍ തന്നെ വ്യക്തമാക്കുന്നു.
എന്റെ മുതുമുത്തശ്ശനെപ്പോലെ തന്നെ ഞാനും ഒരു പോരാളിയാണ്. വിജയിക്കുന്നതില്‍നിന്ന് എന്നെ തടയാന്‍ ഒന്നിനും സാധിക്കില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുര്‍ക്കി സൈന്യത്തിന് എതിരായ പോരാട്ടത്തില്‍ വിജയം എളുപ്പമാക്കുന്നതിന് ഹംഗേറിയന്‍ സൈനികര്‍ പാമ്പിന്റെ ചോര കുടിച്ചിരുന്നു, ഇന്ന് വിജേന്ദറിനെ തോല്‍പ്പിക്കുന്നതിന് ഞാനും കുടിക്കുന്നു. വാര്‍ത്താക്കുറിപ്പില്‍ അലക്‌സാണ്ടര്‍ പറയുന്നു.
‘ദൈവികമായ ഇത്തരം മൃഗങ്ങളുടെ ചോര വാക്കുകള്‍ക്ക് അതീതമായ ശക്തി എനിക്ക് നല്‍കും. എന്റെ സിരകളില്‍ പാമ്പിന്റെ രക്തം ഒഴുകുന്നതോടെ വിജേന്ദറിന് എന്നെ തോല്‍പ്പിക്കാന്‍ കഴിയാതാവും. എന്റെ ആഹാരത്തില്‍ പാമ്പിന്റെ ചോര ഉള്‍പ്പെടുത്തിയതിന് ശേഷം ഇന്നുവരെ ക്ഷീണിതനാകാതെ കൂടുതല്‍ കഠിനമായി പരിശീലനം നടത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്, എന്റെ ഓരോ ഇടിക്കും മുമ്പത്തേക്കാള്‍ ശക്തിയുണ്ട്.
വിജേന്ദറിന് ചുറ്റും പല ചതികളും ഒളിഞ്ഞുകിടപ്പുണ്ടെന്ന് എനിക്കറിയാം. ഇന്ത്യയില്‍ അയാള്‍ക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ റിങില്‍ കയറുന്നതോടെ ഇതൊന്നും അയാളെ രക്ഷിക്കില്ല. അവനെ ബോക്‌സിങില്‍ ഒരു പാഠം പഠിപ്പിക്കുന്നതിന് ഞാന്‍ ഇംഗ്ലണ്ടിലേക്ക് പോവുകയാണ്. അവിടെ ഒരു വിജയിയെ ഉണ്ടായിരിക്കുകയുള്ളൂ,’ അലക്‌സാണ്ടര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല