ഡിസ്ക്കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡയ്ക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 64.79 മീറ്ററാണ് ഫൈനലില്‍ വികാസ് എറിഞ്ഞ ദൂരം. ഒളിമ്പിക്സിന്റെ ഡിസ്ക്കസ് ത്രോയില്‍ ഒരു ഇന്ത്യന്‍ താരം കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണെങ്കിലും യോഗ്യതാറൗണ്ടിലെ പ്രകടനം ആവര്‍ത്തിക്കാനാവാത്തതിന്റെ സങ്കടം വികാസിനെ വിട്ടൊഴിയില്ല. 65.70 മീറ്റര്‍ എറിഞ്ഞാണ് വികാസ് ഫൈനലിന് യോഗ്യത നേടിയത്. 66.28 മീറ്ററാണ് വികാസിന്റെ പേരിലുള്ള ഇന്ത്യന്‍ ദേശീയ റെക്കോഡ്.
ഫൈനലിലെ ആദ്യ ശ്രമത്തിലാണ് വികാസ് 64.79 മീറ്റര്‍ എറിഞ്ഞത്. എന്നാല്‍, ഈ ദൂരം പിന്നീടുള്ള അഞ്ച് ശ്രമങ്ങളിലും മെച്ചപ്പെടുത്താന്‍ വികാസിന് കഴിഞ്ഞില്ല. 60.95, 63.03, 64.15, 64.48, 63.89 എന്നിങ്ങനെയായിരുന്നു തുടര്‍ന്നുള്ള പ്രകടനം.
കഴിഞ്ഞ ഒളിമ്പിക്സില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായ വികാസിന് 60.69 മീറ്റര്‍ മാത്രമേ എറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ. രണ്ട് വര്‍ഷം മുന്‍പ് വെങ്കലം നേടിയ ഏഷ്യന്‍ ഗെയിംസില്‍ 63.13 മീറ്ററായിരുന്നു വികാസ് എറിഞ്ഞത്.
വികാസിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും അത്യന്തം ആവേശകരമായിരുന്നു ഡിസ്ക്കസ് ത്രോ ഫൈനല്‍. 100 മീറ്റര്‍ സ്പ്രിന്റിനെ വെല്ലുന്ന ആവേശവും നാടകീയതയും മുറ്റിനിന്ന മത്സരത്തില്‍ ജര്‍മനിയുടെ റോബര്‍ട്ട് ഹാര്ട്ടിങ്ങാണ് സ്വര്‍ണം നേടിയത്. 68.27 മീറ്ററാണ് എറിഞ്ഞ ദൂരം. ഫൈനലിലെ തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് ഇരുപത്തിയേഴുകാരനായ ഹാര്‍ട്ടിങ് മെഡല്‍ ദൂരം കണ്ടെത്തിയത്. അതിന് മുന്‍പ് 67.79 മീറ്ററായിരുന്നു ഹാര്‍ട്ടിങ് എറിഞ്ഞ ഏറ്റുവും മികച്ച ദൂരം. നാലു വര്‍ഷം മുന്‍പ് ബെയ്ജിങ്ങില്‍ 67.09 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു ഹാര്‍ട്ടിങ്ങിന്. എന്നാല്‍, 2009, 2011 വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമണിഞ്ഞ് ഹാര്‍ട്ടിങ് തന്റെ വരവ് പ്രഖ്യാപിച്ചിരുന്നു.
ഹാര്‍ട്ടിങ് അഞ്ചാം റൗണ്ട് എറിയാന്‍ എത്തുംവരെ ഇറാന്റെ എഹ്സാന്‍ ഹദാദി 68.03 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം ഉറപ്പിച്ചുനില്‍ക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ഹദാദിക്ക് ആദ്യ ശ്രമത്തില്‍ കണ്ടെത്തിയ ഈ ദൂരം പക്ഷേ, പിന്നീടുള്ള അഞ്ചവസരങ്ങളിലും മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. ബെയ്ജിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് എസ്റ്റോണിയയുടെ ജെറഡ് കാന്റര്‍ക്ക് ഇക്കുറി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സീസണിലെ ഏറ്റവും മികച്ച ദൂരമായ 68.03 മീറ്ററാണ് കാന്റര്‍ക്ക് എറിയാനായത്. ബെയ്ജിങ്ങില്‍ 68.82 മീറ്റര്‍ എറിഞ്ഞാണ് കാന്റര്‍ സ്വര്‍ണം നേടിയത്.
ബെയ്ജിങ്ങിലെ വെള്ളി മെഡല്‍ ജേതാവ് പിയോടര് മാലാചോവ്സ്കിക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല