തൃശൂര്‍: കാന്‍സര്‍ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിനെ കാണാന്‍ വിലാസിനിട്ടീച്ചര്‍ അമല ആശുപത്രിയിലത്തി. പനിനീര്‍പ്പൂക്കളുമായി എത്തിയ ടീച്ചര്‍ അഴീക്കോടിനൊപ്പം അരമണിക്കൂറോളം ചെലവിട്ടു. തന്റെ കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് വിലീസിനി ടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു അഴീക്കോടിന്റെ മറുപടി.
ഒന്നിലും വിഷമമില്ലെന്നും എല്ലാം തന്റെ തലയിലെഴുത്താണെന്നും ടീച്ചര്‍ പറഞ്ഞു.
കൊല്ലം അഞ്ചലില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് ടീച്ചര്‍ അഴീക്കോടിനെ കാണാന്‍ പുറപ്പെട്ടത്. പുലര്‍ച്ചെ തന്നെ ആശുപത്രിയിലെത്തി. മുറിയിലേയ്ക്ക് കടന്നുവരന്ന അവരെക്കണ്ട് വിലാസിനി ടീച്ചറല്ലെയെന്ന് അഴീക്കോട് ചോദിച്ചു. കയ്യില്‍ കരുതിയ പൂക്കള്‍ ടീച്ചര്‍ അഴീക്കോടിന് നല്കി.
ഇരുവരും കൈകള്‍ ചേര്‍ത്ത് പിടിച്ചു. പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം പറഞ്ഞുതീര്‍ത്തു. പിന്നീടാണ് കൂടെപ്പോന്നാല്‍ പൊന്നു പോലെ നോക്കാമെന്ന് ടീച്ചര്‍ പറഞ്ഞത്. ഇത് അവസാനത്തെ കൂടിക്കാഴ്ചയായിരിക്കില്ലെന്ന് പറഞ്ഞാണ് ടീച്ചര്‍ പോയത്.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഴീക്കോടിനെ കാണണാന്‍ ആഗ്രഹമുണ്ടെന്ന് വിലാസിനി ടീച്ചര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വരുന്നതില്‍ തനിക്ക് ഒരു വിരോധവുമില്ലെന്ന് അഴീക്കോടും അറിയിച്ചു. ഇതോടെയാണ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയത്.
അഴീക്കോടിന്റെ നടക്കാതെപോയ വിവാഹകഥയിലെ നായികയാണ് വിലാസിനി ടീച്ചര്‍. അഴീക്കോട് വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ ടീച്ചര്‍ അവിവാഹിതയായി കഴിയുകയായിരുന്നു. ഇടയ്ക്ക് അഴീക്കോടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ടീച്ചര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം താനും അവിവാഹിതനാണല്ലോയെന്നായിരുന്നു അഴീക്കോട് പ്രതികരിച്ചത്.
തനിയ്ക്ക് അഴീക്കോട് 56 പ്രണയലേഖനങ്ങള്‍ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ ടീച്ചര്‍ അതിലൊന്ന് ഒരു പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്ത് ബി.എഡ് വിദ്യാര്‍ത്ഥിനിയായിരുന്നപ്പോളാണ് വിലാസിനി ടീച്ചറും അഴീക്കോടുമായി അടുപ്പത്തിലായത്. പിന്നീട് അമ്മയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് അഴീക്കോട് ടീച്ചറെ അറിയിക്കുകയായിരുന്നുവത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല