സ്വന്തം ലേഖകന്‍: മരണം കാത്തു കഴിയുന്ന ഫ്രഞ്ച് യുവാവിന് ദയാവധം ആകാമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. വാഹനാപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് എഴുവര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന ഫ്രഞ്ച് യുവാവിന് ദയാവധം അനുവദിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച ഫ്രാന്‍സിലെ പരമോന്നത കോടതിയുടെ വിധി മനുഷ്യാവകാശ കോടതി ശരിവെച്ചു.
മുപ്പത്തൊമ്പതുകാരനായ വിന്‍സന്റ് ലാംബര്‍ട്ടാണ് ജീവിതം അവസാനിപ്പിക്കാന്‍ കോടതിയുടെ കരുണ കാത്തു കഴിയുന്നത്. ലാംബര്‍ട്ടിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കാനാണ് ഡോക്ടര്‍മാര്‍ക്ക് മനുഷ്യാവകാശ കോടതി അനുവാദം നല്‍കിയത്. ലാംബര്‍ട്ടിന്റെ തിരിച്ചുവരവിന് സാധ്യതകളൊന്നും അവശേഷിക്കുന്നില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായം കണക്കിലെടുത്താണ് കോടതി വിധി.
ലാംബര്‍ട്ടിന്റെ ഭാര്യയും അഞ്ച് സഹോദരങ്ങളും ദയാവധമെന്ന ആവശ്യമായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ റോമന്‍ കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കളും മറ്റു രണ്ട് സഹോദരങ്ങളും കഠിനമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ പ്രശ്‌നം നിയമ യുദ്ധത്തിലേക്ക് നീളുകയായിരുന്നു.
ദയാവധം നിയമവിരുദ്ധമായ ഫ്രാന്‍സില്‍ ഇത് വലിയ വിവാദമുണ്ടാക്കി. എന്നാല്‍ ജീവന്‍രക്ഷാ സംവിധാനം ഒഴിവാക്കാന്‍ ഡോക്ടര്‍മാരെ അനുവദിക്കുന്ന 2005 ലെ നിഷ്‌ക്രിയ ദയാവധ നിയമപ്രകാരം ദയാവധം അനുവദിച്ചുകൊണ്ട് ഫ്രാന്‍സിലെ പരമോന്നത കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടു. വിധിയെ എതിര്‍ത്ത അമ്മയടക്കമുള്ളവര്‍ സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുകയായിരുന്നു.
ലാംബര്‍ട്ടിന് സിരകളിലൂടെ ഭക്ഷണവും വെള്ളവും നല്‍കുന്ന സംവിധാനം നീക്കുന്നത് യൂറോപ്യന്‍ മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമല്ലെന്ന് വെള്ളിയാഴ്ച കോടതി ഉത്തരവില്‍ വ്യക്തമാക്കി. ലാംബര്‍ട്ടിന്റെ ശരീരം ചികിത്സ തിരസ്‌കരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കഴിഞ്ഞവര്‍ഷം പ്രകടമായിരുന്നെന്നും ഈ അവസ്ഥയില്‍ കഴിയാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കില്ലെന്നും ഭാര്യ റേച്ചല്‍ പറഞ്ഞു.
നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളംബിയ, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ദയാവധത്തിന് അംഗീകാരം നല്‍കിയിട്ടുള്ളത്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ പരസഹായത്തോടെയുള്ള മരണത്തിന് (അസിസ്റ്റഡ് സൂയിസൈഡ്) നിബന്ധനകളോടെ അംഗീകാരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല