1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2017

സ്വന്തം ലേഖകന്‍: പ്രശസ്ത നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന ഓര്‍മ്മയായി. ബിജെപി എംപിയായ വിനോദ് ഖന്നയ്ക്ക് എഴുപതു വയസ്സായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്ന ഖന്ന എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ ഉച്ചയ്ക്ക് പതിനൊന്നരയ്ക്കാണ് കണ്ണടച്ചത്. വെള്ളിയാഴ്ച വൈകിട്ട് വര്‍ളിയിലെ ശ്മശാനത്തില്‍ ബന്ധുക്കളുടെയും ആരാധകരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

മുപ്പതു വര്‍ഷം ഹിന്ദി ചലച്ചിത്ര ലോകത്ത് തിളങ്ങി നിന്ന വിനോദ് ഖന്ന രാഷ്ട്രീയത്തിലും മികവു കാട്ടി. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ മണ്ഡലത്തില്‍ നിന്ന് 1999 മുതല്‍ തുടര്‍ച്ചയായി മൂന്നുവട്ടം ലോക്‌സഭയില്‍ എത്തി. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു.

ജനനം 1946 ഒക്‌ടോബര്‍ ആറിന് പാക്കിസ്ഥാനിലെ പെഷവാറില്‍. വിഭജനത്തിനു ശേഷം വിനോദിന്റെ കുടുംബം മുംബൈയിലെത്തി. 1968ല്‍ വില്ലന്‍ വേഷത്തിലൂടെ ഹിന്ദി സിനിമാ ലോകത്തെത്തി. എഴുപതുകളുടെ പകുതിയോടെ സൂപ്പര്‍ ഹിറ്റുകളിലെ സാന്നിധ്യമായി. അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ താരങ്ങള്‍ക്കിടയിലും സൗന്ദര്യവും സവിശേഷമായ ശരീര ഘടനയും വിനോദിനെ വ്യത്യസ്തനാക്കി.

ഇംതിയാന്‍, േേമര അപ്‌നെ, അചാനക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് അമര്‍ അക്ബര്‍ ആന്റണി, മുഖദ്ദര്‍ കാ സിക്കന്തര്‍, ഖുര്‍ബാനി, പര്‍വാരിഷ്, ലാഹു കെ ദോ രംഗ്, ദി ബേണിങ് ട്രെയിന്‍, ഇന്‍സാഫ്, ദയാവന്‍, ചാന്ദ്‌നി, ജുറും, ദില്‍ ചാഹ്താ ഹൈ, വാണ്ടഡ്, ദബങ്ങ് തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചു.

ഇടക്കാലത്തു സിനിമയില്‍ നിന്നു മാറിനിന്ന് ഓഷോ രജനീഷിന്റെ ശിഷ്യനായി. തിരിച്ചെത്തിയപ്പോഴും മികച്ച സിനിമകളിലൂടെ സാന്നിധ്യമറിയിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. 2014 വരെ അഭിനയത്തില്‍ സജീവമായിരുന്നു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം രാഷ്ട്രീയ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വിനോദിന്റെ വേര്‍പാടില്‍ അനുശോചിച്ചു. ജനപ്രിയ നടന്‍, പ്രതിബദ്ധതയുള്ള നേതാവ് എന്നീ നിലകളില്‍ എന്നും വിനോദ് ഖന്നയെ ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.