സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തു വിടുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഡേറ്റ പ്രൊട്ടക്‌ഷൻ നിയമം പ്രാബല്യത്തിലായി. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരും.
2021ൽ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നത്. സമ്മേളനങ്ങൾ, പാർട്ടികൾ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന ചിത്രങ്ങൾ, വിഡിയോ, വ്യക്തി വിവരങ്ങൾ എന്നിവയെല്ലാം സ്വകാര്യവിവരമായി കണക്കാക്കും. ഇവ മറ്റുള്ളവർക്ക് കൈമാറുന്നതും പുറത്തു വിടുന്നതും നശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്.
വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും വിവിധ സാഹചര്യങ്ങളിൽ ശേഖരിക്കുന്ന വ്യക്തികളുടെ ഫോൺ നമ്പർ, ചിത്രം, സിസിടിവി ദൃശ്യം ഉൾപ്പെടെയുള്ള വിഡിയോ, പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിച്ച് വച്ചിരിക്കുന്ന വിവരങ്ങൾ തുടങ്ങിയവ അനുമതിയില്ലാതെ കൈമാറാൻ പാടില്ല.
രോഗികളുടെ വിവരങ്ങൾ മരുന്നു കമ്പനികൾക്ക് കൈമാറുക, സർക്കാർ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകർപ്പെടുക്കുക, പൊലീസ്, ക്രിമിനൽ വിവരങ്ങൾ തുടങ്ങിയവയുടെ കൈമാറ്റം എന്നിവയെല്ലാം ഡേറ്റ സംരക്ഷണ നിയമത്തിന്റെ ലംഘനമാകും. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് അതോറ്റിയുമായി ചേർന്നാണ് നിയമം നടപ്പിലാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല