സ്വന്തം ലേഖകന്‍: പശ്ചിമ മ്യാന്മറിലെ റോഹിങ്ക്യ വംശജര്‍ക്കു നേരെ വ്യാപക ആക്രമം, മ്യാന്മര്‍ സൈന്യം വീടുകള്‍ തീവച്ചു നശിപ്പിച്ചതായി റിപ്പോര്‍ട്ട്. റോഹിങ്ക്യക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ അവരുടെ വീടുകളും കെട്ടിടങ്ങളും വ്യാപകമായി തീവെച്ചു നശിപ്പിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്‌ള്യു) പുറത്തുവിട്ടു.
400 കെട്ടിടങ്ങളും മൂന്നു ഗ്രാമങ്ങളും അഗ്‌നിക്കിരയായതായി എച്ച്.ആര്‍.ഡബ്‌ള്യു പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍, ബംഗ്ലാദേശ് അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് മ്യാന്മര്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ റോഹിങ്ക്യകള്‍ താമസിക്കുന്ന വടക്കന്‍ രാഖൈനില്‍ വ്യാപക സൈനിക നടപടി തുടങ്ങിയിരുന്നു.
ആക്രമണത്തിനു പിന്നിലുള്ളവരെ കണ്ടത്തൊനെന്ന പേരില്‍ നടത്തിയ സൈനിക നടപടിയില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ അറസ്റ്റിലാവുകയും ചെയ്തു.
ഏതാനും ദിവസത്തേക്ക് ശമിച്ച സംഘര്‍ഷം ശനിയാഴ്ച രണ്ടു സൈനികരും ആറ് ആക്രമികളും കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നാലെ വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ വ്യാപക ആക്രമണം തുടങ്ങിയത്. അക്രമബാധിത മേഖലയിലേക്ക് മാധ്യമപ്രവര്‍ത്തകരെയും മറ്റും പ്രവേശിപ്പിക്കാത്തത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. നീതിയും ഇരകള്‍ക്ക് സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ഐക്യരാഷ്ട്ര സഭ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ മ്യാന്മര്‍ തയാറാവണമെന്ന് എച്ച്.ആര്‍.ഡബ്‌ള്യു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല