വീഡിയോ ഗെയിമുകള്‍ അങ്ങേയറ്റം പ്രശ്‌നക്കാരാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഒന്നാമത്തെ പ്രശ്‌നം വീഡിയോ ഗെയിം കാരണം നിങ്ങള്‍ക്ക് നല്ല സമയനഷ്ടമുണ്ടാകും. വീഡിയോ ഗെയിമിന് അടിമയായ ഒരാള്‍ ഒരു ദിവസം എത്ര മണിക്കൂര്‍ നേരമാണ് കളിക്കാന്‍ ഇരിക്കുന്നത് എന്നത് ആലോചിച്ചാല്‍തന്നെ ഇതിന്റെ അപകടം ബോധ്യപ്പെടുന്നതാണ്. എന്നാല്‍ അതിനെല്ലാമുപരിയുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. അതായത് അമിതമായ അക്രമങ്ങള്‍ കാണിക്കുന്ന വീഡിയോ ഗെയിമുകള്‍ നിങ്ങളെ അക്രമകാരികളാക്കും എന്നതാണ് ഗുരുതരമായ പ്രശ്‌നം.
അക്രമങ്ങള്‍ കാണിക്കുന്ന വീഡിയോ ഒരാഴ്ച അടുപ്പിച്ച് കണ്ടാല്‍തന്നെ നിങ്ങളുടെ സ്വാഭാവത്തില്‍ കാതലായ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങും. നിങ്ങള്‍ കൂടുതലായി ദേഷ്യപ്പെടാന്‍ തുടങ്ങും. നിങ്ങളുടെ സ്വഭാവം വീഡിയോ ഗെയിമിലെ ഒരു കഥാപാത്രത്തിന്റെ സ്വഭാവമായി രൂപപ്പെടുന്നത് നിങ്ങള്‍ തിരിച്ചറിയും.
ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 18നും 29നും ഇടയില്‍ പ്രായമുള്ള 22 പേരെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് വീഡിയോ ഗെയിമുകളുടെ അക്രമസ്വഭാവം വ്യക്തമായതെന്ന് ഗവേഷകര്‍ പറഞ്ഞു. ആഴ്ചയില്‍ പത്ത് മണിക്കൂറെങ്കിലും അക്രമ വീഡിയോ രംഗങ്ങള്‍ കാണുന്ന ചെറുപ്പക്കാര്‍ക്കാണ് അക്രമസ്വഭാവം കൂടുകയെന്നും ഗവേഷകര്‍ പറയുന്നു. അക്രമ വീഡിയോ കാണുമ്പോള്‍ തലച്ചോറില്‍ രാസമാറ്റം ഉണ്ടാകുന്നുണ്ടെന്നും അത് പ്രശ്‌നമാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല