ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിരാട് കോഹ്‌ലി വക അസഭ്യ വര്‍ഷം. വെള്ളിയാഴ്ച വിന്‍ഡീസെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനു ശേഷം ഇന്ത്യന്‍ ടീം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
ഇന്ത്യന്‍ ടീമിനരികിലേക്ക് വന്ന മാധ്യമ സംഘത്തില്‍ ഉണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകനു നേര്‍ക്ക് പെട്ടെന്ന് കോഹ്‌ലി തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. കോഹ്‌ലിയുടെ പെട്ടെന്നുള്ള പൊട്ടിത്തെറിയില്‍ പകച്ചു പോയ ടീമംഗങ്ങള്‍ക്കും മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്കും കാര്യമെന്താണെന്ന് പിടികിട്ടിയില്ല.
സംഭവം അടിപിടിയിലേക്ക് നീളുമെന്ന് കണ്ടപ്പോള്‍ ടീം അധികൃതര്‍ ഇടപെട്ട് കോഹ്‌ലിയെ തണുപ്പിച്ച് ഡ്രെസിംഗ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. തന്നയും കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയേയും ചേര്‍ത്ത് വാര്‍ത്ത കൊടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന് കോഹ്‌ലി പിന്നീട് വെളിപ്പെടുത്തി.
എന്നാല്‍ കോഹ്‌ലി ആളുമാറിയാണ് ചീത്ത വിളിച്ചതെന്ന് പിന്നീട് വ്യക്തമായി. അബദ്ധം മനസിലായതോടെ മാധ്യമ പ്രവര്‍ത്തകനോട് മാപ്പു പറയാനും കോഹ്‌ലി തയ്യാറായി. മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ വഴി തനിക്ക് അബദ്ധം പറ്റിയെന്ന് കോഹ്‌ലി സമ്മതിച്ചു.
ടീം അധികൃതര്‍ കോഹ്‌ലിയുടെ എടുത്തു ചാട്ടം ഗൗരവമായി എടുത്ത മട്ടാണ്. കോഹ്‌ലി തന്റെ മുന്‍കോപം നിയന്ത്രിക്കണമെന്ന് ടീം മാനേജര്‍ രവി ശാസ്ത്രി മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും സംഭവം വിവാദമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കോഹ്‌ലിയുടെ കോപത്തിനിരയായ മാധ്യമ പ്രവര്‍ത്തകന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല