ലണ്ടന്‍ : വെസ്റ്റ് കോസ്റ്റ് മെയിന്‍ ലൈന്‍ വഴി ട്രയിനോടിക്കാനുളള അവകാശം ഫസ്റ്റ് ഗ്രൂപ്പിന് നല്‍കിയാല്‍ അത് വഴി സൗജന്യമായി സര്‍വ്വീസ് നടത്തുമെന്ന് വിര്‍ജിന്‍ ഗ്രൂപ്പ് മേധാവി സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. ഫസ്റ്റ് ഗ്രൂപ്പിന്റെ ബിഡ് അംഗീകരിച്ചാല്‍ അത് രാജ്യത്തെ പാപ്പരാക്കുമെന്നും ബ്രാന്‍ഡ്‌സണ്‍ ആരോപിച്ചു. പതിമൂന്ന് വര്‍ഷത്തേക്കുളള കരാറില്‍ ചൊവ്വാഴ്ച ഒപ്പുവെയ്ക്കാനിരിക്കേ അവസാന നിമിഷം കരാര്‍ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലാഭ രഹിത പദ്ധതിയിലോ ലാഭം ചാരിറ്റിക്ക് സംഭാവന ചെയ്യുന്ന രീതിയിലോ ട്രയിന്‍ സര്‍വ്വീസ് നടത്താന്‍ വിര്‍ജിന്‍ കമ്പനിയും പങ്കാളികളായ സ്റ്റേജ്‌കോച്ചും തയ്യാറാണന്ന് ബ്രാന്‍ഡ്‌സണ്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ പത്ത് ബില്യണെ കുറിച്ചുളള ഇടപാടുകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ഓഡിറ്റിങ്ങ് നടത്തണമെന്നും റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സണ്‍ ആവശ്യപ്പെട്ടു. ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുന്നത് വരെ ഫസ്റ്റ്ഗ്രൂപ്പുമായുളള കോണ്‍ട്രാക്ട് ഒപ്പുവെയ്ക്കരുത് എന്ന് ആവശ്യപ്പെട്ട് ഹൗസ് ഓഫ് കോമണ്‍സ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ ചെയര്‍മാന്‍ ലൂയിസ് എല്‍മാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിങ്ങിന് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ബ്രാന്‍ഡ്‌സണ്‍ ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഫസ്റ്റ് ഗ്രൂപ്പുമായുളള കോണ്‍ട്രാക്ട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദേശം പതിനായിരത്തോളം ആളുകള്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വെച്ചു. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇരട്ട ചാമ്പ്യനായ മോ ഫറ, അപ്രന്റീസ് താരം ലോര്‍ഡ് ഷുഗര്‍, പ്രശസ്ത ഷെഫ് ജാമി ഒളിവര്‍ എന്നിവരും ക്യാമ്പെയ്‌നില്‍ പങ്കുചേര്‍ന്നു. കോണ്‍ട്രാക്ടിനെ കുറിച്ച് തീരുമാനം എടുക്കുന്നതിന് മുന്‍പ് ഇടപാടുകളുടെ വിശദവിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത മന്ത്രിമാര്‍ക്കുണ്ട്. അതിനാല്‍ തന്നെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും സര്‍ റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സണ്‍ ആവശ്യപ്പെട്ടു.
ഉപഭോക്താക്കളുടെ എണ്ണവും വരുമാനവും, ഗവണ്‍മെന്റിന് നല്‍കാനുളള തുകയും സംബന്ധിച്ച് കോണ്‍ട്രാക്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതാണോ എന്ന് പരിശോധിക്കാനായി സ്വതന്ത്ര ഓഡിറ്റിങ്ങ് നടത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണം. എല്ലാ കാര്യങ്ങളും വ്യക്തമായി വിലയിരുത്തിയിട്ടും മനസ്സിലാക്കിയിട്ടുമേ ഇത്തരം പ്രധാനപ്പെട്ട ഇടപാടുകളില്‍ ഒപ്പിടാന്‍ പാടുളളൂവെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് വിര്‍ജിന്‍ മേധാവി പറഞ്ഞു. തനിക്ക് വെസ്റ്റ് കോസ്റ്റ് ലൈനില്‍ പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് സര്‍ റിച്ചാര്‍ഡ് സമ്മതിച്ചു. എന്നാല്‍ നിരീക്ഷകരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍്ത്തരകും അട്ക്കമുളളവര്‍ ഇടപാടിനെ എതിര്‍ക്കുമ്പോള്‍ അതിലെന്തെങ്കിലും തെറ്റായ കാര്യം ഉണ്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1997 മുതലാണ് വെസ്റ്റ് കോസ്റ്റ് ലൈന്‍ വഴി വിര്‍ജിന്‍ ട്രയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. പതിനഞ്ച് വര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്്. ഗവണ്‍മെന്റിന് കൂടുതല്‍ തുക നല്‍കുകയും ഒപ്പം യാത്രക്കാര്‍ക്കുളള സീറ്റ് കൂട്ടുക, നിരക്ക് കുറയ്ക്കുക, വൈഫൈ സിസ്റ്റം മികച്ചതാക്കുക, കാറ്ററിംഗ് മെച്ചപ്പെടുത്തുക തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താമെന്നുമാണ് ഫസ്റ്റ് ഗ്രൂപ്പിന്റെ വാഗ്ദാനം. എന്നാല്‍ നിരക്ക് കുറച്ചുകൊണ്ട് ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക പ്രായോഗികമല്ലെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല