സ്വന്തം ലേഖകന്‍: ഉര്‍വശി ശാപം ഉപകാരം! വൈറസ് രക്ഷകനായപ്പോള്‍ ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് രണ്ടാം ജന്മം. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഗുരുതരമായ ബാക്ടീരിയ ബാധിച്ച ഇസബെല്ലെ ഹോള്‍ഡെവേ എന്ന 17 വയസ്സുകാരിയാണ് ജനിതകമാറ്റം വരുത്തിയ വൈറസുകളെ ഉപയോഗിച്ചുള്ള നൂതന ചികില്‍സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്.
ബാക്ടീരിയകളെ നശിപ്പിക്കുന്ന ‘ഫേജ്’ ഗണത്തില്‍ പെട്ട വൈറസുകളെയാണ് ഗവേഷകസംഘം ഇതിനായി ഉപയോഗിച്ചത്. ‘സിസ്റ്റിക് ഫൈബ്രോസിസ്’ എന്ന ജനിതകരോഗം ബാധിച്ച ഇസബെല്ലെയുടെ ശ്വാസകോശം മൂന്നിലൊന്നായി ചുരുങ്ങിയതോടെയാണ് മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതിനുള്ള ശസ്ത്രക്രിയ വിപരീതഫലമുണ്ടാക്കി. ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇസബെല്ലെയുടെ ശ്വാസനാളത്തെ ബാധിച്ച പുതിയ ബാക്ടീരിയ , കരളിലേക്കും മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നു. തൂക്കം ഗണ്യമായി കുറഞ്ഞ്, ദേഹത്തു പലയിടത്തും വ്രണങ്ങളായി ഇസബെല്ലെ മരണത്തെ മുഖാമുഖം കണ്ടു.
ഗ്രേറ്റ് ഓര്‍മണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സ ഫലപ്രദമായില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ ജോ കാനല്‍ ഹോള്‍ഡെവെ ഇന്റര്‍നെറ്റില്‍ പരതിയപ്പോഴാണ് ഫേജുകളെക്കുറിച്ചറിഞ്ഞത്. അവ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ആശുപത്രി അധികൃതരോട് ആരാഞ്ഞു. ഇതോടെ ഈ രംഗത്തെ വിദഗ്ധനും യുഎസിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലാ പ്രഫസറുമായ ഗ്രഹാം ഹാറ്റ്ബുള്‍ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളിയായി.
അദ്ദേഹവുമായി ചേര്‍ന്നുള്ള ഗവേഷണഫലമായി ഇസബെല്ലെയെ ബാധിച്ച ബാക്ടീരിയയെ നശിപ്പിക്കാന്‍ കഴിയുന്ന 3 തരം ഫേജ് വൈറസുകളെ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ചെടുത്തു. ഇവയുപയോഗിച്ചു നടത്തിയ 6 മാസം നീണ്ട ചികില്‍സയ്ക്കു ശേഷം ഇസബെല്ല രോഗമുക്തയായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല