സ്വന്തം ലേഖകൻ: യുഎഇ സർക്കാർ പ്രഖ്യാപിച്ച പിഴ ഇളവ് സമയം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി/കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി തീർന്നവർക്കാണ് ഓഗസ്റ്റ് 17 വരെ രാജ്യം വിടാൻ അവസരം. വീസ പുതുക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇക്കാലയളവിൽ പിഴ നൽകാതെ രാജ്യം വിടാം.
അപേക്ഷ നൽകേണ്ടത് ഇങ്ങനെ:
അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് എംബസി വഴിയോ ദുബായിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്നവർക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വഴിയോ അധികൃതരെ സമീപിക്കാം. ഇതിനായി നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ പാസ്പോർട്ട് വിവരങ്ങൾ, ഫോൺ നമ്പർ, ഈ മെയിൽ വിലാസം, വീസ കോപ്പി എന്നിവ സഹിതം അബുദാബിയിലുള്ളവർ ca.abudhabi@mea.gov.in എന്ന വിലാസത്തിലും, ദുബായിലും വടക്കൻ എമിറേറ്റുകളിലും ഉള്ളവർ cons2.dubai@mea.gov.in എന്ന വിലാസത്തിലും അപേക്ഷ അയയ്ക്കണം. യാത്രാ തീയതിക്ക് ഏഴുദിവസം മുമ്പെങ്കിലും അപേക്ഷ നൽകണം.
സ്കാൻ ചെയ്തോ, അറ്റാച്ച് ചെയ്തോ അപേക്ഷ അയയ്ക്കാൻ സാധിക്കാത്തവർക്ക് എംബസിയുടെയോ കോൺസുലേറ്റിന്റെയോ മുന്നിലുള്ള പെട്ടികളിൽ അപേക്ഷ നിക്ഷേപിക്കാം. പാസ്പോർട്ട് പകർപ്പ് (പാസ്പോർടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകളും വീസ പേജും), ഫോൺ നമ്പർ എന്നിവ ഇതിനൊപ്പം വയ്ക്കണം. വീസിറ്റ് വീസയുടെ കോപ്പിയുണ്ടെങ്കിൽ അതും വയ്ക്കണം.
പിഴ കൂടാതെ രാജ്യം വിടാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം. ഇതില്ലാത്തവർക്ക് പാസ്പോർട്ടോ, എമർജൻസി സർട്ടിഫിക്കറ്റോ ലഭിക്കാൻ എംബസിയേയോ കോൺസുലേറ്റിനെയോ ബന്ധപ്പെടാം. ഇങ്ങനെ എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നവരുടെ പാസ്പോർട്ട് തനിയെ സിസ്റ്റത്തിൽ റദ്ദാകുമെന്ന് അവർക്ക് നാട്ടിലെത്തിയാൽ പുതിയതായി പാസ്പോർട്ടിന് അപേക്ഷിക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ അപേക്ഷകൾ യുഎഇ അധികൃതർക്ക് ഉടൻ തന്നെ അയച്ചു കൊടുക്കുമെന്നും അവരുടെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഫോണിലോ ഇമെയിലിലോ വിവരം അറിയിക്കുമെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് അഞ്ച് പ്രവൃത്തി ദിവസമാണ് ഇതിനു വേണ്ടിവരിക. എംബസി, കോൺസുലേറ്റ് എന്നിവയുടെ മുൻപിൽ വൻതിരക്ക് കൊവിഡ് കാലത്ത് അനുവദനീയമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല