1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2012

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് കവാടത്തില്‍ എ.ബി.വി.പി- കാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിനിടെ കുത്തേറ്റു കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി വിശാല്‍കുമാര്‍ (19) യു.കെ ദമ്പതികളുടെ മകന്‍. വിശാലിന്റെ മാതാപിതാക്കള്‍ ലണ്ടനില്‍ സ്ഥിര തമാസമാക്കിയ വേണുഗോപാലും സതിയുമാണ്. മകന്റെ വിയോഗം അറിഞ്ഞു ഇവര്‍ നാട്ടിലേയ്ക്ക് തിരിച്ചു.പഠനത്തിനായി നാട്ടിലെത്തിയ വിശാല്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് വിശാല്‍ കഴിഞ്ഞിരുന്നത്.വേണുഗോപാലും സതിയും എത്തിയ ശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് സംസ്കാരം.

ആര്‍.എസ്.എസ്. ചെങ്ങന്നൂര്‍ നഗര്‍ ശാരീരിക് ശിക്ഷണ്‍പ്രമുഖും എ.ബി.വി.പി. നഗര്‍ സമിതി അംഗവും കോന്നി എന്‍എസ്‌എസ്‌ കോളജ്‌ വിദ്യാര്‍ഥിയുമായ കാരയ്ക്കാട് കോട്ട ശ്രീശൈലം വീട്ടില്‍ വിശാല്‍കുമാര്‍ (19) അര്‍ദ്ധ രാത്രിയോടെയാണ് മരിച്ചത്.അക്രമത്തില്‍ 2 പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് സ്വദേശി ശ്രീജിത്ത് (അമ്പിളി- 19), വെണ്‍മണി സ്വദേശി വിഷ്ണുപ്രസാദ് (20) എന്നിവര്‍ ആശുപത്രിയിലാണ്. വിഷ്ണുപ്രസാദ് ക്രിസ്ത്യന്‍ കോളജിലെ അവസാനവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ്. ഇവരെക്കൂടാതെ വിദ്യാര്‍ഥികളായ ആറുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കുണ്ട്.

തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് തുടങ്ങുന്ന ദിവസമായിരുന്നു ഇന്നലെ. ഇതിനോടനുബന്ധിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളജ് കാമ്പസിനു പുറത്തു പ്രവേശനകവാടത്തിനു താഴെ പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടു സരസ്വതി പൂജ നടത്താന്‍ തയാറെടുത്തിരുന്നു.

സരസ്വതീദേവിയുടെയും വിവേകാനന്ദന്റെയും ഛായാചിത്രങ്ങള്‍ വച്ച് ഇവിടെ വിളക്കു തെളിച്ചു. കാമ്പസിലേക്കു കടന്നുവരുന്ന വിദ്യാര്‍ഥികളെ തട്ടത്തില്‍ കരുതിയിരുന്ന കുങ്കുമവും കളഭവും അണിയിച്ച് മിഠായികളും നല്‍കിയാണ്‌ എ.ബി.വി.പി പ്രവര്‍ത്തകര്‍ കടത്തിവിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് അക്രമത്തിന് പിന്നില്‍.

ഒന്‍പതു ബൈക്കുകളിലായി വന്ന 20 ഓളം പേരടങ്ങുന്ന സംഘമാണു അക്രമിച്ചതെന്നും ഇവരുടെ കൈവശം മാരകായുധങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സയിലുള്ളവര്‍ പോലീസിനു മൊഴിനല്കി. ആക്രമണത്തില്‍ പരിക്കേറ്റവരുടെ നിലവിളി കേട്ടു സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു.

പുറത്തുനിന്നെത്തിയ എ.ബി.വി.പി-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന പത്തുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.