സ്വന്തം ലേഖകന്‍: വിവാഹ മോചനത്തിനുള്ള കാരണം തുറന്ന് പറഞ്ഞ് ‘രാക്ഷസ’ നായകന്‍ വിഷ്ണു വിശാല്‍. നടന്‍ വിഷ്ണു വിശാല്‍ വിവാഹ മോചിതനായ വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു നാളുകളായി. താന്‍ നായകനായ രാക്ഷസന്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.
താനും രജനിയും വേര്‍പിരിയാനുള്ള കാരണം എന്താണെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് വിഷ്ണു വിശാല്‍. താനിപ്പോഴും രജനിയുമായി പിരിഞ്ഞുവെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു മനസ്സു തുറന്നത്.
‘ഉള്‍വലിഞ്ഞ് ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആളുകളുമായി സംസാരിക്കാനും കൂട്ടുകൂടാനുമെല്ലാം ഞാന്‍ ആരംഭിച്ചത്. ഓണ്‍സ്‌ക്രീനിലെ രസതന്ത്രം നന്നായിരിക്കാന്‍ എന്റെ നായികമാരുമായി അടുത്തിടപഴകാറുണ്ട്. അത് എന്റെ ഭാര്യയില്‍ കുറച്ച് വിഷമങ്ങളുണ്ടാക്കി. ഇങ്ങനെ ഒരാളയല്ല അവള്‍ വിവാഹം കഴിച്ചതെന്ന് അവള്‍ക്ക് തോന്നി. ആ തോന്നലില്‍ നിന്ന് തിരിച്ചുവരാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ മകന്റെ സന്തോഷത്തിനാണ് പ്രധാന്യം നല്‍കിയിരുന്നത്. അവള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവളാണ്. ചില സമയങ്ങളില്‍ വിധി അങ്ങനെയാണ്. സ്‌നേഹിക്കുന്നവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല’ വിഷ്ണു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല