സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസാ വ്യവസ്ഥകള്‍ കടുപ്പമുള്ളതാക്കി സൗദി, കാലാവധി കഴിഞ്ഞ് ആളെ മടക്കി അയച്ചില്ലെങ്കില്‍ 50,000 റിയാല്‍ പിഴ. സന്ദര്‍ശകന്‍ വിസയില്‍ എത്തിയയാളെ കാലാവധിക്കകം തിരിച്ചയച്ചില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്കാണ് 50,000 സൗദി റിയാല്‍ പിഴ ചുമത്തുക. കൂടാതെ ആറുമാസം തടവിന് ശിക്ഷിക്കുമെന്നും സൌദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന എല്ലാവര്‍ക്കും പിഴ ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. നിയമം ലംഘിക്കുന്നവരുടെ ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും. കര, കടല്‍, വ്യോമമാര്‍ഗം രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകരെയും തങ്ങള്‍ സ്വാഗതംചെയ്യുന്നതായി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
എന്നാല്‍, വിസാ കാലാവധി അവസാനിക്കുംമുമ്പ് രാജ്യംവിടണം. അല്ലാത്തവര്‍ ശിക്ഷാനടപടി നേരിടേണ്ടിവരും. രാജ്യത്തെത്തുന്ന വര്‍ സൌദിനിയമം അനുസരിക്കണമെന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. സ്‌പോണ്‍സര്‍ മാത്രമല്ല സന്ദര്‍ശകനും നിയമ നടപടി നേരിടേണ്ടിവരുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.
സന്ദര്‍ശകവിസയില്‍ എത്തി തിരിച്ചുപോകാത്തവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. നിരവധി അനധികൃത താമസക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറും അതിനുമുകളിലും പ്രായമായ പ്രവാസികുട്ടികള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കി. കുട്ടികളെ മാതാപിതാക്കള്‍ പാസ്‌പോര്‍ട്ട് വകുപ്പില്‍ വിരലടയാളം നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
വീഴ്ച വരുത്തുന്നവര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് വക്താവ് തലാല്‍ അല്‍ ശൌഹാബ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല