1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2022

സ്വന്തം ലേഖകൻ: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭര്‍തൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവ്. 12.55 ലക്ഷംരൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു.

സ്ത്രീധന പീഡനത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗാര്‍ഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.

സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം ആറുവര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷന്‍ നാല് പ്രകാരം ഒരുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ 15 ദിവസം കൂടി തടവ് അനുഭവിക്കണം.

12.55 ലക്ഷം രൂപയാണ് പ്രതിക്ക് ചുമത്തിയ ആകെ പിഴ. ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു. തടവ് ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്താണ് ശിക്ഷ വിധിച്ചത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിയായ കിരൺകുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നില്‍ ശിരസ് കുനിച്ചുനിന്നിരുന്ന കിരണ്‍, ഇതോടെ മറുപടി നല്‍കി. അച്ഛനും അമ്മയ്ക്കും സുഖമില്ല, അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

കിരണിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയില്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങള്‍ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയില്‍ ആവര്‍ത്തിച്ചത്.

അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഇതോടെ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കുകയും ചെയ്തു. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.

കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ സൈബര്‍ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.

പ്രോസിക്യൂഷന്‍ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വിധിപ്രസ്താവം കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിമുറിയിലെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.