ഇസ്രായേലില്‍ നിന്നുള്ള ബോറിസ് ഗെല്‍ഫാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ് കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.
ഫിഡെ റേറ്റിങില്‍ 2791 പോയിന്റുള്ള ആനന്ദും 2727 പോയിന്റുള്ള ഗെല്‍ഫാന്‍ഡും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടന്നത്. 12 റൗണ്ട് പിന്നീട്ടപ്പോള്‍ ഇരുവരം ആറു പോയിന്റുമായി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ടൈബ്രേക്കിലേക്ക് നീണ്ടത്.
രണ്ടാം റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും മത്സരം സമനിലയിലായതോടെ 2.5-1.5 എന്ന സ്‌കോറില്‍ വിഷി കരിയറിലെ അഞ്ചാം കിരീടം ഉറപ്പിക്കുകയായിരുന്നു. 2000ലാണ് ആനന്ദ് ആദ്യമായി കിരീടം നേടിയത്. റാങ്കിങില്‍ ഗെല്‍ഫാന്‍ഡിനേക്കാള്‍ ഏറെ മുന്നിലുള്ള ആനന്ദ് നിഷ്പ്രയാസം കിരീടം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഇസ്രായേല്‍ താരത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചു.
വെള്ളകരുക്കളുമായി ഇത്തവണ ഏറെ തിളങ്ങാന്‍ കഴിഞ്ഞില്ല. ഓരോ തെറ്റിനും പലപ്പോഴും നല്ല വില തന്നെ നല്‍കേണ്ടി വന്നു. ഏറെ സമ്മര്‍ദ്ദത്തിലാണ് ടൈ ബ്രേയ്ക്കറിന് ഇറങ്ങിയത്. എങ്കിലും ഒടുവില്‍ ഇങ്ങനെയൊക്കെയായി അവസാനിച്ചതില്‍ സന്തോഷമുണ്ട്-മത്സരശേഷം ഇന്ത്യന്‍ താരം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല