സ്വന്തം ലേഖകന്‍: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടു, ആയിരം ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കാമെന്ന് അദാനി ഗ്രൂപ്പ്. ഇടതുപക്ഷം ബഹിഷ്‌ക്കരിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയായിരുന്നു. മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷം ചടങ്ങ് ബഹിഷ്‌കരിയ്ക്കുകയായിരുന്നു. ഗൗതം അദാനി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് സീ പോര്‍ട്ട് എന്നാണ് പദ്ധതിയുടെ പേര്. വിഴിഞ്ഞം പദ്ധതിയ്ക്കായി കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുമെന്ന് നിതിന്‍ ഗഡ്കരി ചടങ്ങില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതുമുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. കരാര്‍ വ്യവസ്ഥകളോടാണ് സിപിഎമ്മിന് എതിര്‍പ്പ്. സര്‍ക്കാര്‍ കൂടുതല്‍ പണം മുടക്കുകയും തുറമുഖത്തിന്റെ ഉടമസ്ഥാവകാശം അദാനിയ്ക്ക് ലഭിയ്ക്കുകയും ചെയ്യുന്ന സ്ഥിതിയോടാണ് എതിര്‍പ്പ്.
തുറമുഖ പദ്ധതിയോട് തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞത്. എന്നാല്‍ പരിപാടിയോടുള്ള നിസ്സഹകരണം തുടരുമെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല