സ്വന്തം ലേഖകന്‍: ടെന്‍ഡര്‍ നടപടികളുടെ ചുവപ്പു നാടകളില്‍ കുരുങ്ങി ശ്വാസം മുട്ടിയിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പുതുജീവന്‍. പ്രമുഖ തുറമുഖ നിര്‍മ്മാതാക്കളായ അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുക്കും.
അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിനാണ് തുറമുഖത്തിന്റെ നിര്‍മ്മാണ ചുമതല. കമ്പനിയുടെ ബിഡ് അംഗീകരിക്കണമെന്ന് വിഴിഞ്ഞം തുറമുഖം സംബന്ധിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വേണ്ടിയുള്ള ടെന്‍ഡറില്‍ പങ്കെടുത്ത ഏക കമ്പനിയായിരുന്നു അദാനി ഗ്രൂപ്പ്. അടുത്ത ചുവടായി മുഖ്യമന്ത്രി ചെയര്‍മാനായ വിഴിഞ്ഞം തുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ മാസം 13 ന് ചേര്‍ന്ന് ഉന്നതാധികാര സമിതി ശുപാര്‍ശ അംഗീകരിക്കും.
തുടര്‍ന്ന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇത് ലഭിക്കുന്നതോടെ വിഴിഞ്ഞം തുറമുഖ കമ്പനിയും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡുമായി തുറമുഖ നിര്‍മ്മാണ കരാര്‍ ഒപ്പിടും.
ഏതാണ്ട് 7,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി മൂന്നു ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. യാത്രക്കാരേയും ചരക്കു നീക്കത്തേയും ഒരു പോലെ ഉന്നം വക്കുന്ന വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വിനോദ സഞ്ചാര, വാണിജ്യ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴി തുറക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല