സ്വന്തം ലേഖകന്‍: കേരള വികസനത്തിന്റെ ചരിത്ര മുഹൂര്‍ത്തം, വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ യാഥാര്‍ഥ്യമായി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമായി അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. നവംബര്‍ ഒന്നിനു തന്നെ നിര്‍മാണം തുടങ്ങുമെന്നും കരാര്‍ പ്രകാരം നാലു വര്‍ഷം കാലാവധി ഉണ്ടെങ്കിലും ആയിരം ദിവസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രഖ്യാപിച്ചു.
രാഷ്ട്രീയ അഭിപ്രായൈക്യം കൂടി ഉണ്ടെങ്കില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഗൗതം അദാനിയുടെയും സാന്നിധ്യത്തില്‍ അദാനി വിഴിഞ്ഞം പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സന്തോഷ് കുമാര്‍ മഹാപത്രയും സംസ്ഥാന തുറമുഖ സെക്രട്ടറി ജയിംസ് വര്‍ഗീസുമാണു കരാറില്‍ ഒപ്പുവച്ചത്. പദ്ധതി അദാനി ഗ്രൂപ്പിനു ലഭിച്ചതില്‍ താന്‍ ഏറെ അഭിമാനിക്കുന്നതായി മലയാളികള്‍ക്ക് പുതുവര്‍ഷം ആശംസിച്ചു ഗൗതം അദാനി പറഞ്ഞു.
ആവശ്യങ്ങള്‍ സൃഷ്ടിക്കാനാണ് അദാനി ഗ്രൂപ്പ് തുറമുഖങ്ങള്‍ നിര്‍മിക്കുന്നത്. ഏറ്റവും മികച്ച സേവനമായിരിക്കും വിഴിഞ്ഞം തുറമുഖത്തിലൂടെ നല്‍കുക. എന്റെ ഗ്രൂപ്പിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനായ സന്തോഷ്‌കുമാര്‍ മഹാപത്രയെയാണ് ഇവിടെ നിയമിക്കുന്നത്. മല്‍സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെ ഏവരുടെയും ആശങ്ക പരിഹരിക്കണം. കബൊട്ടാഷ് നിയമത്തിലെ ഇളവാണ് ഇനി വലിയ വെല്ലുവിളി. അതിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്നു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമഗ്ര പുരോഗതിക്കായി പ്രയത്‌നിക്കുമെന്നും അദാനി ഉറപ്പുനല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല