സ്വന്തം ലേഖകൻ: സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. മോസ്കോയില്‍ നടന്ന എനര്‍ജി ഫോറത്തിന്റെ യോഗത്തിലാണ് ഗ്രെറ്റയ്ക്കെതിരെ പുടിന് കടുത്ത വിമര്‍ശനമുയര്‍ത്തിയത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ നടത്തിയ പ്രഭാഷണത്തെ അനുകൂലിക്കാന്‍ കഴിയില്ല എന്നും പുടിന് വ്യക്തമാക്കി.
സ്വീഡന്റെ അതേ പരിതസ്ഥിതിയില്‍ ജീവിക്കാനാഗ്രഹിക്കുന്നവരാണ് ആഫ്രിക്കയിലേയും ഏഷ്യയിലേയും ജനങ്ങളെന്നും സ്വീഡനെ പോലെ വികസനത്തിന്റെ പാത പിന്തുടരാതെ അവികസിതാവസ്ഥയില്‍ തന്നെ തുടരുന്നതിന്റെ ആവശ്യകത വികസ്വര രാജ്യങ്ങളോട് വിശദീകരിക്കാനും പുടിന് ഗ്രെറ്റയോട് ആവശ്യപ്പെട്ടു. സങ്കീര്‍ണവും വ്യത്യസ്തവുമാണ് ആധുനിക ലോകമെന്ന് ആരും വിശദീകരിച്ച് നല്‍കാത്തതാണ് ഗ്രെറ്റയുടെ മിഥ്യാധാരണയ്ക്ക് കാരണമെന്നും പുടിന് പറഞ്ഞു.
കാലാവസ്ഥാ പ്രശ്നങ്ങളില്‍ യുവാക്കളുടെ ഇടപെടല്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം, പക്ഷെ കുട്ടികളെയും കൗമാരക്കാരെയും വ്യക്തിതാല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടത് ആവശ്യമാണെന്നും പുടിന് കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാവ്യതിയാനത്തിന് കാരണക്കാരായ ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ഗ്രെറ്റ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. “ഹൗ ഡെയര്‍ യൂ” എന്നാവര്ത്തിച്ചുപയോഗിച്ചു കൊണ്ട് ഗ്രെറ്റ നടത്തിയ വൈകാരിക പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ലോകനേതാക്കളെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയില്‍ ഗ്രെറ്റ നടത്തിയ പ്രസംഗത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഹാസരൂപേണ ട്വീറ്റ് ചെയ്തിരുന്നു.
ഗ്രെറ്റയ്ക്കെതിരെ പരിഹാസവുമായി കനേഡിയന്‍ പാര്‍ലമെന്റംഗം മാക്സിം ബെര്‍ണിയറും രംഗത്തെത്തിയിരുന്നു. ഗ്രെറ്റ അനാവശ്യമായി ആളുകളെ പരിഭ്രമിപ്പിക്കുകയാണെന്നും മാനസികമായി അസന്തുലിതാവസ്ഥ പ്രകടിപ്പിക്കുന്ന വ്യക്തിയാണെന്നും ബെര്‍ണിയര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല