സ്വന്തം ലേഖകന്‍: റഷ്യ കഴുത്തിനൊപ്പം കടത്തില്‍ മുങ്ങിത്താഴുമ്പോള്‍ ആകാശ കൊട്ടാരത്തില്‍ പറന്നു നടക്കാന്‍ ഒരുങ്ങുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഒന്നല്ല, രണ്ടു സ്വകാര്യ ആഡംബര വിമാനങ്ങള്‍ വാങ്ങാനാണ് പുടിന്‍ പദ്ധതിയിട്ടിരിക്കുന്നത്. രണ്ടിനും കൂടി ഏതാണ്ട് 920 കോടി ഇന്ത്യന്‍ രൂപ വില വരും!
ഐഎല്‍ 96 300 എന്ന വിമാനത്തിന് 4.4 കോടി പൗണ്ടും ഐഎല്‍ 96 300 പിയു എന്ന വിമാനത്തിന് 6.1 കോടി പൗണ്ടുമാണു അന്താരാഷ്ട്ര വിപണിയിലെ വില. ഒരു റഷ്യന്‍ ബ്ലോഗെഴുത്തുകാരന്‍ വിമാനങ്ങളിലെ ആഡംബരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ പുടിനെ കടിച്ചു കീറുകയാണ് വിമര്‍ശകര്‍.
സാമ്പത്തിക വര്‍ഷം യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളുടെ ഉപരോധം കാരണം റഷ്യന്‍ സമ്പദ് വ്യവസ്ഥ അതിന്റെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നു പോകുന്നത്. രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന മുറവിളി നാനാഭാഗത്തു നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുമുണ്ട്.
അതിനു പുറമേ പുടിന്റെ തന്നിഷ്ട പ്രകാരമുള്ള തീരുമാനങ്ങളും പ്രവര്‍ത്തികളും റഷ്യക്കകത്തും പുറത്തും അദ്ദേഹത്തിന് ധാരാളം ശത്രുക്കളേയും വിമര്‍ശകരേയും സമ്പാദിച്ചു കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പുടിന്റെ പുതിയ വിളയാട്ടം.
വെളുത്ത ലെതര്‍ കസേരകളും കിങ് സൈസ് കിടക്കകളും അത്യന്താധുനിക ജിംനേഷ്യവും മാത്രമല്ല ആഡംബര അടുക്കളയും കോണ്‍ഫറന്‍സ് മുറികളുമുള്ള പറക്കുന്ന കൊട്ടാരമാണ് ഐഎല്‍ 96 വിമാനങ്ങള്‍. ആഡംബര മുറികളുടെ ചുമരുകളെ അലങ്കരിച്ച് വിലയേറിയ പെയിന്റിംഗുകളുമുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ വിമാനങ്ങള്‍ പുടിന്റെ സ്വന്തമാകും എന്നാണ് സൂചന. തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം അധികാരത്തിലിരിക്കുന്ന പുടിന്‍ പതിയെ ഒരു ഏകാധിപതിയാകുന്നതിന്റെ സൂചനയാണോ പുതിയ ആഡംബരങ്ങളെന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല