സ്വന്തം ലേഖകൻ: സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുകയാണെന്ന വിവരം പങ്കുവച്ച് മലയാളി വ്‌ളോഗര്‍ മാഹിന്‍ ഷാ. വെടിവയ്പ്പും ബോംബാക്രമണവും സുഡാനില്‍ ഇപ്പോഴും തുടരുകയാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും മാഹിന്‍ ട്വന്റിഫോറിലൂടെ അറിയിച്ചു. വ്‌ളോഗര്‍ മാഹിന്‍ ഇപ്പോഴും സുഡാനില്‍ തന്നെ തുടരുകയാണ്.
ലോകയാത്രയുടെ ഭാഗമായാണ് മാഹിന്‍ സുഡാനില്‍ എത്തിപ്പെട്ടത്. യാത്രയുടെ ഭാഗമായി ഈജിപ്ത് വഴിയാണ് മാഹിന്‍ സുഡാനിലെത്തിയത്. നാല്‍പതോളം ദിവസമായി മാഹിന്‍ സുഡാനില്‍ തുടരുകയാണ്. യുദ്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ട്വന്റിഫോറിലൂടെ മാഹിന്‍ പങ്കുവച്ചത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സാധാരണ നിലയിലുള്ളതിനേക്കാള്‍ ഇരട്ടി ശക്തിയില്‍ ബോംബാക്രമണം തുടരുന്നുവെന്നാണ് മാഹിന്‍ പറയുന്നത്. ബോംബാക്രമണം തുടരുന്നതിന്റെ ചില ദൃശ്യങ്ങളും മാഹിന്‍ ട്വന്റിഫോറിലൂടെ പങ്കുവച്ചു. താന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ആക്രമണം ശക്തമാണെന്നും മാഹിന്‍ പറയുന്നു.
പുറത്തിറങ്ങാനോ ജനലിന് പുറത്ത് തലയിടാനോ പോലും ഭയന്നാണ് മലയാളി കുടുംബങ്ങള്‍ സുഡാനില്‍ കഴിയുന്നതെന്ന് മാഹിന്‍ പറയുന്നു. ശേഖരിച്ചുവച്ച വെള്ളവും ഭക്ഷണവും തീരുകയാണ്. കടകളെല്ലാം അടച്ചുപൂട്ടിയെന്നും വൈദ്യുതി ഇല്ലെന്നും മാഹിന്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല