സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് 8 മരണം. ഇന്തോനേഷ്യയിലെ മധ്യ ജാവ പ്രവിശ്യയിലെ തെമാന്‍ഗുംഗ് പ്രവിശ്യയിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍ന് എത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. സ്‌ഫോടനം നടന്ന സ്ഥലത്ത് എത്താന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കേയാണു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
ഇന്തോനേഷ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദിയെങ്ക് പീഠഭൂമിയിലെ സിലറി ക്രേറ്റര്‍ എന്ന അഗ്‌നിപര്‍വതമാണു പൊട്ടിത്തെറിച്ചത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ആളുകള്‍ മരിച്ചതിനു പുറമേ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ എട്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററില്‍ സഞ്ചരിച്ച എല്ലാവരും കൊല്ലപ്പെട്ടതായി നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി ഡെപ്യൂട്ടി ഓപ്പറേഷന്‍സ് ചീഫ് മേജര്‍ അറിയിച്ചു. നാലു രക്ഷാപ്രവര്‍ത്തകരും നാലു നാവികരുമാണു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ഞായറാഴ്ചയാണ് ജാവ പ്രവിശ്യയിലുള്ള സിലറി ക്രേറ്റര്‍ അഗ്‌നിപര്‍വതത്തില്‍നിന്നു മണ്ണും പുകയും പ്രവഹിക്കാന്‍ ആരംഭിച്ചത്. തണുത്ത ലാവയും അഗ്‌നിപര്‍വതത്തില്‍നിന്ന് പുറത്തുവന്ന പദാര്‍ഥങ്ങളും 50 മീറ്ററോളം ഉയരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടക്കുന്ന സമയത്ത് അഗ്‌നിപര്‍വതത്തിനു സമീപം 17 പേര്‍ ഉണ്ടായിരുന്നതായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പരിക്കേറ്റ പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല