1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2015

സ്വന്തം ലേഖകന്‍: പുക പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ തട്ടിപ്പ്, ഫോക്‌സ്‌വാഗണ്‍ കമ്പനി കുടുങ്ങി. വാഹന മലിനീകരണ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ചതോടെ ഫോക്‌സ്‌വാഗണ്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകള്‍. പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് കമ്പനി തട്ടിപ്പു നടത്തിയത്.

ലോകത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളാണ് ഫോക്‌സ്‌വാഗണ്‍. ലോകമെമ്പാടും വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി ജര്‍മനി ആസ്ഥാനമായുള്ള കമ്പനി സമ്മതിച്ചു. കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചു. യൂറോപ്പില്‍ ഫോക്‌സ്‌വാഗണ്‍ കമ്പനി ഓഹരിവില മൂന്നിലൊന്നായി ഇടിഞ്ഞു.
ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (ഐ.സി.സി.ടി.) ഗവേഷകരാണ് ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ തട്ടിപ്പ് കണ്ടുപിടിച്ചത്.

സാധാരണഗതിയില്‍ അമേരിക്കയില്‍ വില്‍ക്കുന്ന കാറുകളിലാണ് മറ്റിടങ്ങളെ അപേക്ഷിച്ച് മലിനീകരണത്തോത് കുറവ്. എന്നാല്‍, ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ ഐ.സി.സി.ടി. നടത്തിയ പരിശോധനയില്‍ ഫലം തിരിച്ചായിരുന്നു.
ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം നടത്തുന്നുണ്ടെന്ന് യു.എസ്. എന്‍വിറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയെയും (ഇ.പി.എ.) കാലിഫോര്‍ണിയ എയര്‍ റിസോഴ്‌സസ് ബോര്‍ഡിനെയും ഐ.സി.സി.ടി. അറിയിച്ചു. ഇ.പി.എ.യെയും എയര്‍ ബോര്‍ഡും തട്ടിപ്പ് പുറത്തുവിട്ടു. സംഭവം വന്‍ വിവാദമുയര്‍ത്തിയതിനെത്തുടര്‍ന്ന് ഫോക്‌സ്‌വാഗണ്‍ കുറ്റസമ്മതം നടത്തി.

അമേരിക്കയിലും മറ്റിടങ്ങളിലും കമ്പനി ക്രിമിനല്‍നടപടികള്‍ നേരിടേണ്ടിവരും. അമേരിക്കയില്‍ മാത്രം 4,82,000 കാറുകളില്‍ തട്ടിപ്പ് സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചിട്ടുണ്ട്. പരിശോധനകളില്‍ അനുവദനീയമായതിലും 40 മടങ്ങ് നൈട്രജന്‍ ഓക്‌സ്സൈഡ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാറുകള്‍ പുറത്തുവിടുന്നതായി കണ്ടു. 1800 കോടി ഡോളറെങ്കിലും (ഏകദേശം 1.18 ലക്ഷം കോടി രൂപ) ഫോക്‌സ്‌വാഗണ്‍ പിഴയായി നല്‍കേണ്ടിവരും.

യു.എസ്. നീതിന്യായവകുപ്പ് കമ്പനിക്കെതിരെ ക്രിമിനല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടാതെ യു.എസ്. സംസ്ഥാനങ്ങളിലും നിയമനടപടി നേരിടേണ്ടിവരും. ജര്‍മനി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. യൂറോപ്പില്‍ മൊത്തം അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഫ്രാന്‍സും ബ്രിട്ടനും ആവശ്യപ്പെട്ടു. ദക്ഷിണകൊറിയ ആരോപണത്തെക്കുറിച്ച് വിശദീകരിക്കാന്‍ കമ്പനി അധികൃതരെ വിളിച്ചുവരുത്തി. ഐക്യരാഷ്ട്ര സംഘടനയും വെളിപ്പെടുത്തലുകളില്‍ ആശങ്ക രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.