![](https://www.nrimalayalee.com/wp-content/uploads/2022/03/Volodymyr-Zelenskyy-Ukraine-Russia-War.jpg)
സ്വന്തം ലേഖകൻ: യുക്രൈയ്നിനു നേരെയുള്ള സേനാനടപടി 5 ദിവസം പിന്നിടുമ്പോൾ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ റഷ്യയ്ക്കു സാധിച്ചില്ലെന്നു വിലയിരുത്തൽ. മിന്നൽ വേഗത്തിൽ യുക്രൈയ്ൻ പിടിച്ചെടുക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടൽ പാളിയതോടെ, വ്ലാഡിമിർ പുട്ടിന്റെ സേനയെ പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസം യുക്രൈയ്ൻ ജനതയ്ക്കിടയിലും വളരുന്നു.
ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ചങ്കൂറ്റമാണ് നാടിനു വേണ്ടി ആയുധമെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളിൽ സേനയുടെ സർവകരുത്തും ഉപയോഗിക്കാൻ റഷ്യ തീരുമാനിച്ചാൽ പിടിച്ചുനിൽക്കുക യുക്രൈയ്നിന് എളുപ്പമാവില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ചെറുത്തുനിൽപ്പിലൂടെ ലോകം കണ്ട വീറുറ്റ പോരാട്ടങ്ങളുടെ പട്ടികയിൽ യുക്രൈയ്ൻ പേര് എഴുതിച്ചേർത്തിരിക്കുന്നു.
കോമഡി നടനിൽ നിന്നും രാജ്യത്തിൻറെ പരമാധികാരിയിലേക്കുള്ള സെലൻസ്കിയുടെ വളർച്ചയും വെള്ളിത്തിരയിലെ കഥപോലെ തന്നെയാണ്. യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത ഒരാൾ എങ്ങനെയാണ് രാജ്യത്തിൻറെ പരമാധികാരിയാവുക എന്ന ചോദ്യത്തിന് വ്ലാദിമർ സെലൻസ്കിയെന്ന മനുഷ്യൻറെ ജീവിതം ഉദാഹരണം.
ഇപ്പോഴും യുക്രൈൻ ജനതയുടെ പിന്തുണ സെലൻസ്കിക്കൊപ്പം തന്നെയെന്നാണ് റിപ്പോർട്ടുകൾ. ഈ വാരാന്ത്യത്തിൽ നടത്തിയ വോട്ടെടുപ്പ് സർവേയിൽ 90 ശതമാനം യുക്രൈനികളും തങ്ങളുടെ പ്രസിഡന്റ് സെലെൻസ്കിയെ പിന്തുണയ്ക്കുന്നതായാണ് കണ്ടത്. കഴിഞ്ഞ വർഷം ഡിസംബറിൽ നിന്ന് മൂന്നിരട്ടി വർദ്ധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിമിയയിലെയും കിഴക്കൻ യുക്രൈനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുള്ളവരെയും ഒഴിച്ചുള്ള രണ്ടായിരത്തോളം പേരുമായും സർവേ നടത്തിയിരുന്നു.
അതിൽ 70 ശതമാനവും പ്രതികരിച്ചത് റഷ്യൻ ആക്രമണത്തെ ചെറുക്കാൻ യുക്രൈനിന് കഴിയുമെന്നാണ്. റഷ്യയുടെ കടന്നുകയറ്റത്തിന് മുമ്പ് തന്നെ യുക്രൈൻ ജനതയുടെ ഗണ്യമായ പിന്തുണ യുക്രൈൻ സായുധസേനയ്ക്കുണ്ടായിരുന്നു. തങ്ങളുടെ പ്രസിഡന്റിന്റെ ആത്മവിശ്വാസവും അവിടെത്തെ ജനങ്ങളിലുമുണ്ട്. എന്തായാലും വ്ലാദിമർ സെലൻസ്കിയുടെ അസാധാരണമായ ജീവിതത്തിലെ അസാധാരണമായ നിമിഷങ്ങള്‍ക്കാണ് യുക്രൈന് ജനതയ്ക്കൊപ്പം ലോകവും കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല