മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം പൊളിറ്റ് ബ്യൂറോയെ തള്ളിപ്പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിബി പ്രമേയം തിരുത്തണമെന്ന് വിഎസ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിന് പിന്നാലെ ഇക്കാര്യത്തില്‍ പിബി നിലാപടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദില്ലിയില്‍ വ്യക്തമാക്കി. പ്രശ്‌നം സുപ്രീം കോടതിയുടെ മുന്നിലാണ്. ഇതിന്മേലുള്ള നടപടി വേഗത്തിലാക്കണം. അതുവരെയുള്ള അടിയന്തര സാഹചര്യത്തെ നേരിടാനുള്ള നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഇതാണ് പിബിയുടെ നിലപാട്. ഇതില്‍ മാറ്റമില്ല- കാരാട്ട് പറഞ്ഞു.
പിബി നിലപാട് കേരളത്തിലെ ജനവികാരത്തിനു കടകവിരുദ്ധമാണെന്നു വിഎസ് തുറന്നടിച്ചു. ജനങ്ങളുടെ അഭിപ്രായത്തിന് യോജിച്ച് പിബി അഭിപ്രായം മാറ്റുമെന്ന് ഞാന്‍ ആശിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഈ പരാമര്‍ശം നടത്തിയപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ സഹായി ഇതിന്റെ ഗൗരവം ശ്രദ്ധയില്‍പ്പെടുത്തി. പക്ഷേ വിഎസ് അത് കാര്യമാക്കിയില്ല. പിബി നിലപാട് പുനഃപരിശോധിക്കണമെന്ന് അതിനുശേഷം ആവശ്യപ്പെടുകയും ചെയ്തു.
പിബിയുടെ പ്രസ്താവന കേരളവികാരത്തിനു ഗുണകരമാണോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അങ്ങനെ താന്‍ കരുതുന്നില്ലെന്നായിരുന്നു വിഎസിന്റെ മറുപടി. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് മൗനം പാലിക്കുന്ന പൊളിറ്റ് ബ്യൂറോയുടെ നിലപാട് ഈ വിഷയത്തില്‍ പാര്‍ട്ടി നേരിടുന്ന ആശയക്കുഴപ്പം വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഎം എംപി പി.ആര്‍ നടരാജന്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ നിലപാട് കേരളത്തിനൊപ്പമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് പി.ബി. യോഗം കൂടിയ ശേഷം വാര്‍ത്താക്കുറിച്ച് ഇറക്കിയത്. ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് സിപിഎം പറയുന്നത്. ഈ നിലപാട് കേരളത്തിലെ ജനവികാരത്തെ പിന്തുണയ്ക്കുന്നതല്ല
പി ബി നിലപാടിനോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വി എസ് ഒരിക്കല്‍ കൂടി ജനകീയനാവുകയാണ്.മന്ത്രി പി ജെ ജോസഫ് രാഷ്ട്രീയത്തിനുപരിയായി സ്വീകരിച്ച നിലപാടാണ് മുല്ലപ്പെരിയാര്‍ പ്രശ്നം ജനങ്ങള്‍ ഏറ്റെടുക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.സമ്മര്‍ദ്ദ രാഷ്ട്രീയം ഉപയോഗിച്ച് കേന്ദ്രത്തെ വരുതിയില്‍ നിര്‍ത്താന്‍ തമിഴ്നാടിന് കഴിയുമ്പോള്‍ കേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ കൊണ്ഗ്രസുകാര്‍ ഹൈക്കമാണ്ടിന് റാന്‍ മൂളുകയാണ്.അധികാരമോഹങ്ങള്‍ മാറ്റി വച്ച് സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഹൈക്കമാണ്ടിനെ തള്ളിപ്പറയാനുള്ള ആര്‍ജവം കേരളത്തിലെ കൊണ്ഗ്രസുകാര്‍ക്ക് എന്നുണ്ടാവുമോ ആവോ …
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല