സ്വന്തം ലേഖകന്‍: ജനങ്ങളും പാര്‍ട്ടിയും തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, പാര്‍ട്ടിയെ വെട്ടിലാക്കി വിഎസിന്റെ പ്രസ്താവന. താന്‍ മത്സരിക്കണമോയെന്ന കാര്യം പാര്‍ട്ടികളുടെയും ജനങ്ങളുടെയും അഭിലാഷമനുസരിച്ചാണ് നിശ്ചയിക്കുകയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരത്തിന് താന്‍ സന്നദ്ധനാണെന്ന ശക്തമായ സൂചനയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വി.എസ്.തന്നെ നയിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം നിശ്ചയിക്കേണ്ട സമയത്ത് ജനങ്ങളും പ്രസ്ഥാനവും നിശ്ചയിക്കുമെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നുമായിരുന്നു മറുപടി. ഇക്കാര്യത്തില്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ജനങ്ങള്‍ അഭിപ്രായം പറയട്ടെ, അതനുസരിച്ച് ചെയ്യാമെന്ന് വിഎസ് മറുപടി നല്‍കി. ഇതോടെ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ സി.പി.എം. സംസ്ഥാനസമിതിയും സെക്രട്ടേറിയറ്റ് യോഗവും നിശ്ചയിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം കേരളയാത്രയും നടത്തുന്നുണ്ട്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും വി.എസ്സിന്റെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഗുണംചെയ്യുമെന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും അഭിപ്രായങ്ങള്‍ക്ക് പിന്നാലെയാണ് വി.എസ്. നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
2006 ലെയും 2011 ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തീരുമാനം തിരുത്തിച്ചാണ് വി.എസ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല