പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു.ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ്, ടി.പിയുടെ വീട്ടിലെത്തിയത്. വീടിനടുത്ത് വഴിയില്‍ കാറില്‍ നിന്നിറങ്ങിയ വി.എസ്സിനെ മുദ്രാവാക്യം വിളികളുമായാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ആനയിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ടി.പിയുടെ വീടിന് പുറത്തും കാത്തുനിന്നിരുന്നത്.
വികാരഭരിതമായ നിമിഷങ്ങളാണ് ടി.പിയുടെ വീട്ടിലുണ്ടായത്. വന്‍ജനസഞ്ചയത്തിന് നടുവിലൂടെ ടി.പിയുടെ തറവാട്ട് വീട്ടിലേക്ക് കയറിയ വി.എസ് കണ്ട് ടി.പിയുടെ ഭാര്യ രമ പൊട്ടിക്കരഞ്ഞു. കൈയില്‍ പിടിച്ച് കരഞ്ഞ രമയെ വി.എസ് ആശ്വസിപ്പിച്ചു. ടി.പിയുടെ മാതാവും വി.എസ്സിന് മുമ്പില്‍ പൊട്ടിക്കരഞ്ഞു. ഒരു മണിക്കൂറോളം നേരം ടി.പിയുടെ വീട്ടില്‍ വി.എസ് ചിലവഴിച്ചു. അടച്ചിട്ട മുറിയില്‍ ടി.പിയുടെ ഭാര്യ രമയുമായി വി.എസ് കൂടിക്കാഴ്ച നടത്തി. ആര്‍.എം.പിയുടെ ഒഞ്ചിയം ഏരിയ സെക്രട്ടറി എന്‍.വേണു, ടി.പിയുടെ ഭാര്യാപിതാവ് കെ.കെ മാധവന്‍, ടി.പിയുടെ മകന്‍ അഭിനന്ദ് എന്നിവര്‍ മാത്രമാണ് ഈ സമയം രമയെ കൂടാതെ മുറിയിലുണ്ടായിരുന്നത്.
ടിപി വധത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തു വന്ന വിഎസ് ടിപിയുടെ വീട് സന്ദര്‍ശിച്ചത് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ല.
ടിപി വധത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പരസ്യമായി രംഗത്തുവന്ന വിഎസ് ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. ടിപി വധത്തില്‍ പിണറായിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ എടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് വിഎസിന്റ പുതിയ നീക്കം.
ടിപി വധക്കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയതിനേയും വിഎസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ പോകുന്നത് പാര്‍ട്ടി നിലപാടല്ലെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല