അന്‍പത്തിയൊന്ന് വെട്ടുകള്‍ കൊണ്ട് ഒരാശയത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക്‌മേലുളള വെട്ടുകളാണ് വിഎസിന്റെ ഓരോ പ്രവര്‍ത്തിയും. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് മുപ്പതാം ദിവസം വിഎസ് ആ വീട് സന്ദര്‍ശിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനം ബൂത്തില്‍ നില്‍ക്കുകയായിരുന്നു. രാവിലെ 20 ശതമാനത്തില്‍ താഴെ വോട്ടിങ്ങ് രേഖപ്പെടുത്തി മടിച്ച് നില്‍ക്കുകയായിരുന്ന നെയ്യാറ്റിന്‍കരയിലെ പോളിങ്ങ് വിഎസിന്റെ ഒഞ്ചിയം സന്ദര്‍ശനത്തോടെ എണ്‍പത് ശതമാനത്തിലേക്ക് ഉയര്‍ന്നു. സിപിഎമ്മിനെ അപ്പാടെ അമ്പരപ്പിക്കുന്ന ഒരു നീക്കമാണ് വിഎസ് നടത്തിയത്.
തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലന്ന് വരുത്തി തീര്‍ക്കാന്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെ പിണറായിയും എസ്. രാമചന്ദ്രന്‍ പിളളയും വിഎസിനെ ഗസ്റ്റ്ഹൗസിലെത്തി കണ്ടിരുന്നു. എന്നാല്‍ അതിന് തൊട്ടുപുറകെ വിഎസ് ഒഞ്ചിയത്ത് ടിപിയുടെ വീട് സന്ദര്‍ശിച്ചത് ഇരുവര്‍ക്കും താങ്ങാനാകുന്നതിലും അധികമായി.
ചന്ദ്രശേഖരന്റെ വിധവ രമയേയും മാതാവിനേയും വിഎസ് സന്ദര്‍ശിക്കുന്നതിന്റെ വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു പിന്നീട് കേരളം കണ്ടുകൊണ്ടിരുന്നത്. ചുറ്റിലുമുളള ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ മുപ്പത് ദിനരാത്രങ്ങള്‍ ഇടറാതെ നിന്ന രമ കഴിഞ്ഞദിവസം പൊട്ടിക്കരഞ്ഞു. ഒരച്ഛന്റെ മുന്നില്‍ മകളെന്നപോലെ. മകനെ നഷ്ടപ്പെട്ട് പോയ ഒരമ്മയുടെ വിലാപത്തിന് മുന്നില്‍ നിരായുധനായി മൗനം പോലും നഷ്ടപ്പെട്ട് വിഎസും നിന്നു. ആ ദിവസത്തിന് കേരള രാഷ്ട്രീയം എന്ത് വില നല്‍കണമെന്ന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കണം. അതുവരെ കാത്തിരിക്കാന്‍ വിഎസ് തയ്യാറുമാണ്.
ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതിന് സിപിഎം നേതാക്കള്‍ക്ക് അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുമ്പോള്‍ നേതൃത്വത്തെ ധിക്കരിച്ച് ഇറങ്ങി പുറപ്പെട്ട വിഎസ് അച്ചടക്ക നടപടി ചോദിച്ച് വാങ്ങാനുളള പുറപ്പാടാണോ എന്നാണ് ജനങ്ങളുടെ ചോദ്യം. എന്നാല്‍ ഇന്നലെ ഒരൊറ്റ ദിവസത്തോടെ എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ട് ഓടിയൊളിക്കേണ്ട അവസ്ഥയിലെത്തി സിപിഎം. മുതിര്‍ന്ന നേതാക്കളുടെ ശരീരഭാഷയും അത് തന്നെ സൂചിപ്പിക്കുന്നു. പ്രതികരിക്കാനൊന്നുമില്ലന്ന് എസ് ആര്‍ പി പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ കനത്ത ഭാവത്തോടെ പിണറായി നടന്നുനീങ്ങി. ചന്ദ്രശേഖരന്റെ വിധവ രമയെ കാണാന്‍ വിഎസ് എത്തും എന്ന ആശങ്ക സിപിഎമ്മിലെപ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ അതിനായി തിരഞ്ഞെടുക്കുമെന്ന് ആരും കരുതിയില്ല. ഒരുമണിയോടെ ടിപിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ വിഎസ് ടിപിയുടെ മരണത്തെതുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ തകര്‍ക്കപ്പെട്ട സിപിഎം ഓഫീസുകളോ സിപിഎം പ്രവര്‍ത്തകരുടെ വീടുകളോ സന്ദര്‍ശിച്ചില്ലന്നതും ശ്രദ്ധേയമാണ്.
പ്രത്യയശാസ്ത്രപരമായ നിലപാടുകളേക്കാള്‍ വികാരപരമായ നിലപാടുകള്‍ക്ക് പിന്തുണക്കാര്‍ ഏറും.കാലാകാലങ്ങളായി വിഎസ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്തുണക്കാര്‍ ഏറുന്നതും ഇതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് ഏറെ അകന്നുപോയ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ് വിഎസിന്റെ നിലപാടുകള്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ സിപിഎമ്മില്‍ നിന്ന് പുറത്തുപോകാനാണ് വിഎസിന്റെ ശ്രമം എന്ന് കരുതിയെങ്കില്‍ തെറ്റി. പാര്‍ട്ടിക്കുളളില്‍ നിന്ന് പാര്‍ട്ടയെ തിരുത്തുക എന്നതാണ് വിഎസിന്റെ ലൈന്‍. ഔദ്യോഗക പക്ഷത്തെ നിഷ്പ്രഭരാക്കി പാര്‍ട്ടിയെ സ്വന്തം ചൊല്പടിയില്‍ നിര്‍ത്താനുളള ശ്രമം.
ചന്ദ്രശേഖരന്റെ വധം സിപിഎമ്മിന്റെ തലയില്‍ വച്ചുകൊടുത്തതിന് നേതാക്കളോളം പങ്ക് വിഎസിനില്ല എന്ന് തന്നെ വേണം അനുമാനിക്കാന്‍. വെട്ടേറ്റ് മുഖം തകര്‍ന്നുകിടക്കുന്ന ഒരു മൃതദേഹത്തെ നോക്കി കുലംകുത്തിയെന്ന് വിളിച്ച പിണറായിയുടെ ധാര്‍ഷ്ട്യമാണ് സിപിഎമ്മിന്റെ ശവപ്പെട്ടിയിലെ ആദ്യത്തെ ആണിയായത്. തുടര്‍ന്ന് ഇടുക്കി ജില്ലാസെക്രട്ടറി എംഎം മണിയുടെ വിവാദ പ്രസംഗം. സിപിഎമ്മിനെതിരേ പ്രവര്‍ത്തിച്ചിട്ടുളളവരെ കായികമായി നേരിട്ടുണ്ടെന്നും ഇനിയും അതുണ്ടാകുമെന്നുമുളള തരത്തിലുളള പ്രസംഗം സിപിഎമ്മിന്റെ കടയ്ക്കല്‍ തന്നെ കോടാലി വെയ്ക്കുന്നതായി. വിഎസിന്റെ ഒഞ്ചിയം സന്ദര്‍ശനം കൂടി ആയപ്പോള്‍ സിപിഎമ്മിന്റെ ഉയിര്‍ത്തെഴുനേല്‍പ്പിനുളള സാധ്യത തുലോം കുറഞ്ഞുപോയി എന്നു വേണം കരുതാന്‍.
വിഎസിന്റെ ജനപിന്തുണ ഏറി നില്‍ക്കുന്ന സമയത്ത് കനത്ത നടപടികള്‍ വിഎസിനെതിരേ സ്വീകരിക്കാന്‍ കേന്ദ്രനേതൃത്വത്തിന് മടിയുണ്ട്. അത് പാര്‍ട്ടിയെ ഇല്ലാതാക്കുന്നതിന് തുല്യമാണ് എന്നു തന്നെയാണ് പിബിയുടെ നിലപാട്. എന്നാല്‍ വിഎസിന്റെ ഭീഷണിക്ക് വഴങ്ങി പിണറായിയേയും ഔദ്യോഗിക പക്ഷത്തേയും ഒഴിവാക്കാനും കേന്ദ്രനേതൃത്വത്തിന് കഴിയില്ല. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ഫലം വന്നശേഷമാകും വിഎസിന്റെ കാര്യത്തില്‍ എന്തെങ്കിലുമൊരു തീരുമാനമെടുക്കുക. വെറും ശാസനയിലോ വിശദീകരണത്തിലോ നടപടി ഒതുക്കി തീര്‍ത്ത് തടിയൂരാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെങ്കില്‍ വിഎസ് എവിടൊക്കെ കോലിട്ടിളക്കുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല