സ്വന്തം ലേഖകൻ: പുട്ടിൻ ഭരണകൂടത്തിനെതിരെ വിമത നീക്കം നടത്തി പിന്‍വാങ്ങിയ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ മേധാവി യെവ്‌ജെനി പ്രിഗോസിന്‍ റഷ്യ വിടുന്നു. ഉടമ്പടിയുടെ ഭാഗമായി അയല്‍രാജ്യമായ ബെലാറൂസിലേക്ക് പ്രിഗോസിന്‍ മാറുമെന്നാണ് റഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സായുധകലാപ ശ്രമം നടത്തിയ പ്രിഗോസിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. വാഗ്നര്‍ സേനാ അംഗങ്ങള്‍ ബെലാറൂസിലേക്ക് മാറുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോ പ്രിഗോസിനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാഗ്നര്‍ സേന വിമത നീക്കം അവസാനിപ്പിച്ച് പിന്മാറ്റം നടത്തിയത്. നേരത്തെ പിടിച്ചെടുത്ത റഷ്യന്‍ സൈനിക നഗരമായ റൊസ്തോവില്‍ നിന്ന് വാഗ്നര്‍ സേന പൂര്‍ണ്ണമായും പിന്‍വലിഞ്ഞിട്ടുണ്ട്. പ്രിഗോസിനടക്കം റോസ്‌തോവിലുണ്ടായിരുന്നു. ഇവരുടെ പിന്മാറ്റത്തിന് പിന്നാല റഷ്യന്‍ പോലീസ് നഗരം ഏറ്റെടുത്തു.
വാഗ്നര്‍സേന മോസ്‌കോ ലക്ഷ്യം വെച്ച് നീങ്ങുന്നതിനിടെയാണ് മധ്യസ്ഥ ശ്രമങ്ങള്‍ ഉണ്ടായത്. തങ്ങള്‍ മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ മാത്രം അകലെയാണെന്നും രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ പിന്‍വാങ്ങുന്നു എന്നായിരുന്നു പ്രിഗോസിന്‍ പിന്‍മാറ്റം സംബന്ധിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിൻ്റെ നിര്‍ദേശ പ്രകാരമാണ് ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല