സ്വന്തം ലേഖകന്‍: മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചോര പുരണ്ട അധ്യായമായ വാഗണ്‍ ട്രാജഡി ഇനി വെള്ളിത്തിരയില്‍ കാണാം. ചരിത്ര പ്രസിദ്ധമായ ആ കൊളോണിയല്‍ വിരുദ്ധ പോരാട്ടം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ സംവിധായകനും നടനുമായ ജോയ് മാത്യു.
ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികള്‍ ആരംഭിച്ചു കഴിഞ്ഞതായി ജോയ് മാത്യു ദുബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തി വെളിപ്പെടുത്തി. അറുപതിലേറെ മനുഷ്യര്‍ ക്രൂരമായി വധിക്കപ്പെട്ട സംഭവം എന്തുകൊണ്ട് എവിടെയും അടയാളപ്പെടുത്താതെ പോയിയെന്ന ചോദ്യമാണ് വാഗണ്‍ ട്രാജഡിയെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാനുള്ള പ്രചോദനമെന്ന് ജോയ് മാത്യു പറഞ്ഞു.
പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോയ് മാത്യു. മലയാളത്തിലെ പ്രധാന നടന്‍മാരെ അണിനിരത്തി വാഗണ്‍ ട്രാജഡി മുന്നോട്ടു വക്കുന്ന ഊര്‍ജ്ജം അതുപോലെ സ്‌ക്രീനിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
ചരിത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുമ്പോള്‍ തന്നെ ഫിക്ഷനും കൂടി ഉള്‍ച്ചേര്‍ന്നു കൊണ്ടാവും സിനിമ രൂപപ്പെടുത്തുക. തിരക്കഥാ രചനക്ക് ചരിത്രകാരന്‍മാരുടെ കൂടി സഹായം തേടും. കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ തീവ്രത പകര്‍ത്തുമ്പോള്‍ തന്നെ പുതിയ കാലവും സിനിമയില്‍ കടന്നു വരും.
നമ്മുടെ ചരിത്രത്തോട് മാത്രമല്ല, ഭാവി തലമുറക്കുളള ഓര്‍മപ്പെടുത്തല്‍ കൂടിയായിരിക്കും തന്റെ ഈ സിനിമയെന്ന് ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല