സാമ്പത്തികരംഗത്ത് ആശങ്ക പരത്തിക്കൊണ്ട് ഇറ്റലിയും കടക്കെണിയില്‍. 2,80,000 കോടി ഡോളര്‍ (140 ലക്ഷം കോടി രൂപ) കടമുണ്ട് ഇറ്റലിക്ക്. ഇത് ഇറ്റലിയുടെ വാര്‍ഷിക ജിഡിപി (ഒരു വര്‍ഷം രാജ്യത്തുണ്ടാകുന്ന സമ്പത്ത്)യേക്കാള്‍ 20 ശതമാനം കൂടുതലാണ്. കടം അമിതമായതോടെ ഇറ്റലിയുടെ കടപ്പത്രങ്ങള്‍ക്കു പലിശ കുത്തനേ കൂടി. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി യും ഉടലെടുത്തു.
അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ സഹായം കൂടാതെ മുന്നോട്ടുപോകാമെന്നു വീമ്പിളക്കിയ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി വെള്ളിയാഴ്ച ആഗോളസമ്മര്‍ദത്തിനു വഴങ്ങി. ഈയാഴ്ച മുതല്‍ ഐഎംഎഫ് സംഘം ഇറ്റലിയിലെത്തി പരിശോധന നടത്തും. ചെലവുചുരുക്കലടക്കം ഐഎംഎഫും യൂറോപ്യന്‍ കേന്ദ്രബാങ്കും (ഇസിബി) നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നുണ്േടാ എന്നാണ് അവര്‍ നോക്കുക.
അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവയ്ക്കു പിന്നാലെ പ്രതിസന്ധിയിലാകുന്ന ഇറ്റലി യൂറോ സഖ്യത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാണ്. മറ്റു മൂന്നു രാജ്യങ്ങളും കൂടിയാലുള്ളതിലും വലിയ സമ്പദ്ഘടനയും അതിലും വലിയ കടവുമാണ് ഇറ്റലിയുടേത്. ഡിസംബറിനകം 7,400 കോടി ഡോളറിന്റെ കടപ്പത്രം ഇറ്റലിക്കു വില്ക്കണം. അതു വാങ്ങാന്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും തയാറായില്ലെങ്കില്‍ പ്രശ്നമാകും. ഇതുവരെ ഇസിബി ദുര്‍ബല രാജ്യങ്ങളുടെ കടപ്പത്രം വാങ്ങിയിരുന്നു. പക്ഷേ അതു തുടര്‍ന്നുപോകാന്‍ ജര്‍മനിയും മറ്റും സമ്മതിക്കുന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തരസഹായം നല്‍കാനുള്ള യൂറോപ്യന്‍ നിധിയില്‍ തുക കുറവാണ്. ആ നിധി വര്‍ധിപ്പിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥന അമേരിക്കയോ ചൈനയും ഇന്ത്യയുമടക്കമുള്ള നവസമ്പന്ന രാജ്യങ്ങളോ സ്വീകരിച്ചിട്ടില്ല.
ഗവണ്‍മെന്റ് ചെലവു ചുരുക്കിയും ജീവനക്കാരുടെ എണ്ണം കുറച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റും ഉള്ള പരിഹാര നടപടികളാണ് ഐഎംഎഫ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബെര്‍ലുസ്കോണിയുടെ പാര്‍ട്ടിയില്‍ത്തന്നെ ഇതിനോടു വലിയ എതിര്‍പ്പുണ്ട്. ഫ്രാന്‍സിലെ ജി-20 ഉച്ചകോടി തീരുംമുമ്പ് അദ്ദേഹം മടങ്ങിപ്പോകേണ്ടിവന്നത് ഇതുമൂലമാണ്. ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയോ നാപ്പോളിറ്റാനോയും ബെര്‍ലുസ്കോണിക്ക് എതിരാണ്. ഇറ്റാലിയന്‍ പ്രതിസന്ധി ഈയാഴ്ചകളില്‍ ഭരണപ്രതിസന്ധിയായി മാറുമെന്നാണു സൂചന. ഭരണസഖ്യത്തില്‍നിന്നു പിന്‍വലിയാന്‍ ചെറുഗ്രൂപ്പുകള്‍ ആലോചിക്കു ന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല