1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2023

സ്വന്തം ലേഖകൻ: നാളിതുവരെ ലോകം കണ്ട ചികിത്സാരീതികള്‍ക്ക് അപ്പുറത്തേക്ക് കടന്നിരിക്കുകയാണ് വൈദ്യശാസ്ത്ര മേഖല. ഏകദേശം 12 വര്‍ഷം മുൻപ് ഒരു സൈക്കിള്‍ അപകടത്തില്‍ കാലുകള്‍ പൂര്‍ണ്ണമായും കൈകള്‍ ഭാഗികമായും തളര്‍ന്ന് കിടക്കുകയായിരുന്ന ഗെര്‍ട്-ജാന്‍ ഒസ്‌കം (Gert-Jan Oskam) എന്ന വ്യക്തിക്കാണ് തന്റെ ശരീരത്തിനുമേല്‍ ശാസ്ത്രജ്ഞര്‍ നിയന്ത്രണം തിരിച്ചു നല്‍കിയതെന്ന് ദി സയന്റിഫിക് അമേരിക്കന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ മഹത്തായ നേട്ടങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തലുണ്ട്. കഴുത്തിന്റെ സമീപത്തായി നട്ടെല്ലിനുണ്ടായ ക്ഷതമാണ് ഒസ്‌കമിനെ കിടപ്പു രോഗിയാക്കിയത്. സ്വിറ്റ്‌സര്‍ലൻഡിലെ ശാസ്ത്രജ്ഞരാണ് ശരീരത്തില്‍ ബ്രെയിന്‍-സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ് പിടിപ്പിച്ച് പരീക്ഷണം നടത്തിയത്.

ഇതോടെ ഒസ്കമിന് എഴുനേറ്റ് നടക്കാനും സാധിച്ചു. ഡിജിറ്റലായി അദ്ദേഹത്തിന്റെ തലച്ചോറും പരുക്കേറ്റ ഭാഗത്തിനു താഴെയുള്ള ഞരമ്പുകളുമായി ആശയക്കൈമാറ്റം സാധ്യമാക്കുക എന്ന മഹാദ്ഭുതമാണ് നടത്തിയിരിക്കുന്നത്. ഇത് തന്റെ തലവരമാറ്റി എന്ന് ഒസ്‌കാം പറയുന്നു. ‘കഴിഞ്ഞയാഴ്ച അല്‍പം പെയിന്റിങ് നടത്തേണ്ടിയിരുന്നു. തന്നെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതിനാല്‍ എഴുന്നേറ്റു നിന്ന് താന്‍ തന്നെ അത് ചെയ്തു’ എന്ന് അദ്ദേഹം പറഞ്ഞു.

ഒസ്‌കമിന്റെ ശരീരത്തിൽ പിടിപ്പിച്ച ഉപകരണത്തിന്റെ പേര് ബ്രെയിന്‍-സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ് എന്നാണ്. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറാലിങ്ക് അടക്കം പല കമ്പനികളും ഇത്തരം ഉപകരണങ്ങള്‍ നിർമിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഈ സാങ്കേതികവിദ്യ ഇത്ര വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ന്യൂറോസയന്റിസ്റ്റായ ജി കോര്‍ട്ടിന്‍ (Grégoire Courtine) നടത്തിയ കണ്ടെത്തലുകളുടെ തുടര്‍ച്ചയായാണ് പുതിയ ഉപകരണം പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്.

ബ്രെയിന്‍-സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ് ഉപകരണവും കഠിനമായ പരിശീലനവുമുണ്ടെങ്കില്‍ നട്ടെല്ലിന് ക്ഷതമേറ്റ ആളുകളെ എഴുന്നേല്‍പ്പിച്ചു നടത്താമെന്ന് 2018ല്‍ തന്നെ തെളിയിച്ചിരുന്നതാണ്. ആ കാലം മുതല്‍ ഈ പരീക്ഷണത്തിനു തയാറായി എത്തിയവരില്‍ ഒരാളാണ് ഒസ്‌കാം. എന്നാല്‍, മൂന്നു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുരോഗതി മന്ദീഭവിച്ചിരുന്നു. ഇതിനാല്‍ പുതുക്കിയ സിസ്റ്റം പരീക്ഷിച്ചപ്പോഴാണ് ഇപ്പോഴത്തെ നേട്ടം കൈവരിക്കാനായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.