വന്‍കിട കമ്പനികളെയും സമ്പന്നരെയും സഹായിക്കുന്ന സാമ്പത്തിക നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസമായി ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ കുടില്‍ കെട്ടി പാര്‍ത്തു സമരം നടത്തിവന്ന വോള്‍ സ്ട്രീറ്റ് കയ്യടക്കല്‍ സമരക്കാരെ ഇന്നലെ പോലീസ് ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. ചെറുത്തു നിന്ന 70 പേരെ അറസ്റു ചെയ്തു. കുടിയിറക്കിന്റെ വാര്‍ത്തകള്‍ സോഷ്യല്‍ വെബ്സൈറ്റുകളില്‍ അപ്പഴപ്പോള്‍ പ്രക്ഷോഭകര്‍ പ്രസിദ്ധപ്പെടുത്തി. ന്യൂയോര്‍ക്ക് സ്റോക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്ന വോള്‍ സ്ട്രീറ്റ് വ്യാഴാഴ്ച സ്തംഭിപ്പിക്കുമെന്നു പ്രക്ഷോഭകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സുക്കോട്ടിപാര്‍ക്കിലെ പ്രക്ഷോഭകരുടെ താമസം ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കുടിയിറക്കല്‍. ആയിരത്തിലധികം പോലീസുകാരാണ് സമരക്കാരെ നേരിടാന്‍ എത്തിയത്.പോലീസ് ഹെലികോപ്ടറുകള്‍ നഗരത്തിലെ സാമ്പത്തിക മേഖലയ്ക്കു മുകളില്‍ വട്ടമിട്ടു പറന്നു. സമരക്കാര്‍ക്ക് തിരിച്ചുവരാമെന്നും എന്നാല്‍ ടെന്റുകള്‍ കെട്ടി കുടിപാര്‍ക്കാന്‍ സമ്മതിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നുണ്െടങ്കിലും പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണു മുന്തിയ പരിഗണനയെന്ന് കുടിയിറക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പുറപ്പെടുവിച്ച പ്രസ്താവനയില്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ളൂംബര്‍ഗ് വ്യക്തമാക്കി. മറ്റുള്ളവരെ ഒഴിവാക്കി പൊതുസ്ഥലം കൈവശപ്പെടുത്താനോ അവിടെ കൂടാരങ്ങളും കിടക്കകളുമായി തമ്പടിക്കാനോ ആര്‍ക്കും അനുമതി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ക്കില്‍ പ്രക്ഷോഭകര്‍ അടുക്കളയും മെഡിക്കല്‍ കേന്ദ്രവും സോഷ്യല്‍മീഡിയ കേന്ദ്രവും ലൈബ്രറിയും സ്ഥാപിച്ചിരുന്നു. സെപ്റ്റംബര്‍ 17നാണ് സുക്കോട്ടിയില്‍ പ്രക്ഷോഭകര്‍ എത്തിയത്. പലരും ഊണും ഉറക്കവും അവിടെത്തന്നെയാക്കി.
സുക്കോട്ടി പാര്‍ക്കിന്റെ ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയ ശേഷമായിരുന്നു കുടിയിറക്കല്‍. ഒഴിഞ്ഞുപോകാന്‍ ലൌഡ് സ്പീക്കറിലൂടെ സമരക്കാരോടു പോലീസ് ആവശ്യപ്പെട്ടു. ഇതിനിടെ ഞായറാഴ്ച കാലിഫോര്‍ണിയയിലെ ഓക്്ലന്‍ഡിലെ പ്രക്ഷോഭകരെയും പോലീസ് ഒഴിപ്പിക്കുകയുണ്ടായി. അവിടെ 33 പേര്‍ അറസ്റിലായി. വോള്‍സ്ട്രീറ്റ് കയ്യടക്കല്‍ പ്രക്ഷോഭത്തോട് അനുഭാവം പ്രകടിപ്പിച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളിലും ലണ്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ നഗരങ്ങളിലും പ്രക്ഷോഭണം അരങ്ങേറുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല