നിയമലംഘനത്തിന് നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലായതോടെ അമേരിക്കയിലും ലോകമൊട്ടാകെയും കോര്‍പ്പറേറ്റുകള്‍ക്കെതിരെ നടന്നുവരുന്ന ജനകീയ സമരം പുതിയൊരു ഘട്ടത്തിലേക്കു കടന്നു. ‘വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കുക’ എന്ന പേരില്‍ നടന്നുവരുന്ന നിയമലംഘന പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒട്ടനവധി അമേരിക്കന്‍ നഗരങ്ങളില്‍ വന്‍പ്രകടനങ്ങള്‍ നടന്നു. ചിക്കാഗോയിലെ ഒരു പാര്‍ക്കില്‍ നിന്ന് 175 സമരക്കാരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊതുസ്ഥലങ്ങള്‍ കൈയടക്കാതെ ഒഴിഞ്ഞുപോകണമെന്ന പൊലീസ് നിര്‍ദ്ദേശം ലംഘിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്.
ന്യൂയോര്‍ക്കില്‍ സമരവുമായി ബന്ധപ്പെട്ട് 70 പേരും അരിസോണയില്‍ 100 പേരും ഡെന്‍വറില്‍ 24 പേരും കാലിഫോര്‍ണിയയില്‍ 20 പേരും അറസ്റ്റിലായിട്ടുണ്ട്. വാഷിംഗ്ടണില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രൊഫസറായ കോര്‍ണല്‍ വെസ്റ്റിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിക്കു മുന്നിലാണ് സമരം നടന്നത്. അദ്ദേഹം അടക്കം 19പേരെ അറസ്റ്റു ചെയ്തു.
മില്‍വാക്കില്‍ 81കാരനായ റിട്ട. അദ്ധ്യാപകന്‍ ആല്‍ബര്‍ട്ട് സിയംസണ്‍ നേതൃത്വം നല്‍കിയ സമരത്തില്‍ പ്രകടനക്കാര്‍ വിളിച്ചുകൂവി. “മിസ്റ്റര്‍ ഒബാമ, ആ വാള്‍, സ്ട്രീറ്റ് തകര്‍ത്തിടൂ.”
ന്യൂയോര്‍ക്കില്‍ ലോവര്‍ മന്‍ഹാട്ടനിലെ സുക്കോട്ടി പാര്‍ക്കില്‍ തടിച്ചുകൂടിയിട്ടുള്ള പ്രക്ഷോഭകര്‍ക്കായി ഇതിനകം മൂന്നു ലക്ഷം ഡോളറിന്റെ സംഭാവനയാണ് ഒഴുകിയെത്തിയത്.
കൂടാതെ പുതപ്പുകള്‍, സ്ലീപ്പിംഗ് ബാഗ് തുടങ്ങിയ സാധനങ്ങളും.യൂറോപ്പ്, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ പടര്‍ന്നു കഴിഞ്ഞ സമരം ദക്ഷിണാഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല